തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അയനിമൂട്ടിൽ ജൂലൈ 10ന് മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസ്സുകാരി ആരതിയുടെ ആത്മഹത്യക്ക് പിന്നിൽ ജാതി വിവേചനം ആരോപിച്ച് കുടുംബം. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് ആരതി നരുവാമൂട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തിരുന്നു. തുടർന്ന് അമ്മ സന്ധ്യയെ ബന്ധപ്പെട്ട പോലീസ്, കുട്ടിക്ക് സ്കൂളിൽ ചില പ്രശ്നങ്ങളുണ്ടെന്നും, സ്കൂൾ മാറാൻ ആഗ്രഹിക്കുന്നതായി അറിയിച്ചതായും പറഞ്ഞിരുന്നു.
ആത്മഹത്യക്ക് ഒരു വർഷം മുൻപ്, ചേരമർ, പുലയർ തുടങ്ങിയ വാക്കുകളുടെ അർത്ഥം ആരതി ചോദിച്ചിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. അത് ജാതിപ്പേരാണെന്ന് പറഞ്ഞപ്പോൾ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നുവെന്നും, ബന്ധുക്കൾ ആരോപിക്കുന്നു.
ഒരിക്കൽ സ്കൂളിൽ സ്വർണ മോതിരവും വാച്ചും ധരിച്ച് എത്തിയ ആരതിയെ അദ്ധ്യാപകർ പരിഹസിച്ചതായും കുടുംബം ആരോപിക്കുന്നു. അവളുടെ അമ്മയ്ക്ക് അത് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നും അത് ഏതോ പുരുഷന്മാർ വാങ്ങി നൽകിയതാണെന്നും പറഞ്ഞായിരുന്നു പരിഹാസമെന്നും വിവിധ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ബന്ധുക്കൾ പറഞ്ഞിരുന്നു.
സ്കൂളിലെ തുടർ മൂല്യനിർണയത്തിൽ അദ്ധ്യാപകർ മനപ്പൂർവം സ്കോർ കുറയ്ക്കുമോ എന്ന് കുട്ടി ആശങ്കപ്പെട്ടിരുന്നു എന്നാണ് മറ്റൊരു ആരോപണം. ആരതിയുടെ ആത്മഹത്യയെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന പോലീസ് ഭാഷ്യം നാട്ടുകാരിൽ ഭൂരിഭാഗം പേരും അംഗീകരിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ആരതിയുടെ ആത്മഹത്യക്ക് പിന്നിലെ യഥാർത്ഥ വസ്തുത പുറത്തു വരണം എന്നാണ് അമ്മയും ബന്ധുക്കളും ആവശ്യപ്പെടുന്നത്. കുട്ടി ജാതി വിവേചനം നേരിട്ടിരുന്നുവെങ്കിൽ അത് കൃത്യമായും അന്വേഷിക്കണമെന്നും പൊതുസമൂഹം ഇത് അഭിസംബോധന ചെയ്യണമെന്നും വിവിധ ദളിത് സംഘടനകൾ ആവശ്യപ്പെടുന്നു.
Discussion about this post