എറണാകുളം: കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകയുടെ കാറിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ല് അജ്ഞാതർ അടിച്ച് തകർത്തു. മനോരമ ന്യൂസ് പ്രിൻസിപ്പൾ കറസ്‌പോണ്ടന്റ് ആശാ ജാവേദിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ വിവരം സമൂഹമാദ്ധ്യമത്തിലൂടെ ആശാ ജാവേദ് തന്നെയാണ് പുറത്തുവിട്ടത്. കൊച്ചിയിലെ അപ്പാർട്ട്‌മെന്റിലെ ഗ്യാരജിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് വാഹനത്തിന്റെ ഗ്ലാസ് അടിച്ച് തകർത്തിരിക്കുന്നത്. ഇതിന് പുറമേ വാഹനത്തിന്റെ ടയർ ആണി അടിച്ച് പഞ്ചറാക്കിയിട്ടുമുണ്ട്.
അപ്പാർട്ട്‌മെന്റ് കോമ്പൗണ്ടിൽ സിസിടിവി ക്യാമറകളും സെക്യൂരിറ്റിയും ഉണ്ട്. എന്നാൽ ഇതിന്റെയെല്ലാം കണ്ണുവെട്ടിച്ച് ആയിരുന്നു ആക്രമണം നടന്നിരിക്കുന്നത് എന്ന് മാദ്ധ്യമ പ്രവർത്തക ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും വീട്ടിൽ പോലും രക്ഷയില്ലാത്ത നിലയാണ് ഉള്ളതെന്നും മാദ്ധ്യമ പ്രവർത്തക ആരോപിച്ചു. ആക്രമണത്തിൽ ആശാ ജാവേദ് പോലീസിൽ പരാതി നൽകി.
Discussion about this post