തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെയാണ് സുകുമാരൻ നായർ പ്രതികരിച്ചതെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. സുകുമാരൻ നായർ സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നതിന്റെ ലക്ഷണമാണിതെന്നാണ് എ.കെ ബാലൻ പ്രതികരിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസം, വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് അധഃപതിച്ച മനസ്സിന്റെ തുടര്‍ച്ചയായി മാത്രമേ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ നിലപാടിനെ കാണാന്‍ കഴിയൂ. പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യം സ്പീക്കര്‍ എടുത്തുപറയുക എന്നതിനപ്പുറം ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ ഹനിക്കുന്ന വിധത്തിലുള്ള ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നും ബാലൻ ആവർത്തിച്ചു.
തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം സമുദായ അംഗങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണ് കേരളം കണ്ടത്. നിര്‍ഭാഗ്യകരമാണ് സുകുമാരന്‍ നായരുടെ നിലപാട്. ഇത് എന്‍എസ്എസില്‍ വിശ്വസിച്ച സമുദായാംഗങ്ങളുടെ വികാരമായി സമൂഹം കാണുകയേയില്ല. ഇതില്‍ മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായരാണെന്നാണ് എ.കെ. ബാലന്‍ പ്രസ്താവനയിറക്കിയത്.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെ തെറ്റിദ്ധാരണ പരത്തി വര്‍ഗ്ഗീയവല്‍ക്കരണത്തിന് ശ്രമിക്കുന്ന ബിജെപിയുടെയും സംഘപരിവാറിൻറെയും അജണ്ട ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ല. യുക്തിബോധത്തിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസത്തില്‍ മിത്തുകളുടെ പിന്‍ബലത്തില്‍ ചരിത്ര – ശാസ്ത്രബോധം രൂപപ്പെടുത്തുന്നത് ആധുനിക യുഗത്തെ വെല്ലുവിളിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post