മഞ്ചേരി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന ആയുധ പരിശീലന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ആറാമത്തെ പരിശീലന കേന്ദ്രമാണിത്. കഴിഞ്ഞ ഒക്ടോബറിലും എൻഐഎ ഇവിടെ പരിശോധന നടത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയുളള തുടർ നടപടികളുടെ ഭാഗമായിട്ടാണ് കേന്ദ്രം കണ്ടുകെട്ടിയത്. നേരത്തെ തീവ്രവാദ സംഘടനയായ എൻഡിഎഫ് ആയിരുന്നു ഈ കേന്ദ്രം ഉപയോഗിച്ചത്. പിന്നീട് പോപ്പുലർ ഫ്രണ്ട് ഇത് ഏറ്റെടുക്കുകയായിരുന്നു. ആയുധപരിശീലനം കൂടാതെ പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾക്കുളള കായിക പരിശീലനവും ഇവിടെ നൽകിയിരുന്നു. സ്‌ഫോടക വസ്തുക്കളുടെ ഉപയോഗവും പരിശീലനവും തീവ്ര മതപ്രബോധന ക്ലാസുകളും ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്നുളള ഭീകര പരിശീലകർ പോലും ഗ്രീൻവാലിയിൽ എത്തുകയും ആളുകളെ പരിശീലിപ്പിക്കുകയും ചെയ്തതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലബാർ ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, വളളുവനാട് ഹൗസ്, ട്രിവാൻഡ്രം എഡ്യുക്കേഷൻ ആൻഡ് സർവ്വീസ് ട്രസ്റ്റ് പെരിയാർ വാലി തുടങ്ങിയ കേരളത്തിലെ കേന്ദ്രങ്ങൾ നേരത്തെ എൻഐഎ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗ്രീൻവാലി അക്കാദമിക്കും താഴിട്ടത്. ഗ്രീൻവാലി ഫൗണ്ടേഷൻ ആണ് ഇത് കൈകാര്യം ചെയ്തിരുന്നത്.
നിരോധനത്തിന് ശേഷം രാജ്യത്ത് വിവിധയിടങ്ങളിലായി കണ്ടുകെട്ടുന്ന പതിനെട്ടാമത്തെ പോപ്പുലർ ഫ്രണ്ട് സ്വത്തുവകയാണ് ഗ്രീൻവാലി. നേരത്തെ എൻഐഎ നടത്തിയ പരിശോധനയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ തെളിവുകൾ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.
Discussion about this post