എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലമിന്റെ തിരിച്ചറിയൽ പരേഡ് ഇന്ന്. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ആലുവ സബ് ജയിലിൽ വച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക. കേസിൽ റിമാൻഡിലായ അസ്ഫാഖ് ആലുവ സബ് ജയിലിലാണ് ഉള്ളത്.
അസ്ഫാഖ് കുട്ടിയുമായി പോകുന്നത് കണ്ട മുഴുവൻ പേരും തിരിച്ചറിയൽ പരേഡിനായി ഇന്ന് ജയിലിൽ എത്തും. ഇത് പൂർത്തിയായ ശേഷം അസ്ഫാഖിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനുണ്ട്. ഇതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിന് പുറമേ വിശദമായി ചോദ്യം ചെയ്യും.
കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നകാര്യത്തിൽ അന്വേഷണ സംഘത്തിന് സംശയം ഉണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. ഇതിന് ശേഷമാകും തെളിവെടുപ്പ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അസ്ഫാഖിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. എന്നാൽ ജനരോഷത്തെ തുടർന്ന് പ്രതിയെ പോലീസ് തിരികെ കൊണ്ടുപോകുകയായിരുന്നു. സമാന സാഹചര്യം തെളിവെടുപ്പിനിടെ വീണ്ടും ഉണ്ടാകാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ കനത്ത പോലീസ് സുരക്ഷയിൽ ആകും തെളിവെടുപ്പ്.
വെള്ളിയാഴ്ചയായിരുന്നു ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ അസ്ഫാഖ് തട്ടിക്കൊണ്ട് പോയത്. ഇതിന് ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കിൽകെട്ടി ആലുവ മാർക്കറ്റ് പരിസരത്ത് തള്ളി. സംഭവത്തിൽ അസ്ഫാഖിനെതിരെ ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post