ഇസ്ലാമാബാദ്: ഏതൊരു സാഹചര്യത്തിലും തങ്ങൾ പാകിസ്താനൊപ്പം ഉറച്ചു നിൽക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും പിംഗ് പറഞ്ഞു. ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം.
ചൈനയുടെയും പാകിസ്താന്റെയും ചരിത്രത്തിലെ സുപ്രധാന പദ്ധതി എന്നാണ് 60 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക ഇടനാഴിയെ ഷി ജിൻ പിംഗ് വിശേഷിപ്പിച്ചത്. ഉന്നത നിലവാരമുള്ളതും സുസ്ഥിരവും പാക് ജനതയുടെ ജീവിത സാഹചര്യം ഉയർത്താൻ ഉതകുന്നതുമാണ് പദ്ധതി. ഇടനാഴി പാകിസ്താന്റെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് വലിയ സംഭാവനകൾ നൽകുമെന്നും പിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സാഹചര്യം എങ്ങനെയൊക്കെ മാറി മറിഞ്ഞാലും ചൈന പാകിസ്താനൊപ്പം ഉറച്ച് നിൽക്കുമെന്നും ഷി ജിൻ പിംഗ് ആവർത്തിച്ചു. നിലവിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹെ ലിഫെംഗ് പാകിസ്താനിൽ സന്ദർശനം നടത്തുകയാണ്. 2013ൽ വിഭാവനം ചെയ്യുകയും 2015ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത പദ്ധതിയാണ് ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി.
അതേസമയം ഇന്ത്യ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്ന പദ്ധതിയാണ് ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി. ബലൂചിസ്ഥാനിലെ ഗ്വദാർ തുറമുഖത്തെയും ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇത്. പാക് അധീന കശ്മീർ വഴി കടന്ന് പോകുന്ന പദ്ധതി ഇന്ത്യയുടെ പരമാധികാരത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളിയാണ് എന്നതാണ് ദേശീയ നയം.
Discussion about this post