കൊച്ചി: ചലച്ചിത്ര അവാർഡ് വിവാദത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ വെള്ള പൂശാൻ ശ്രമിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകൻ വിനയൻ. താൻ ചോദിച്ചത് സജി ചെറിയാനോടല്ലെന്നും രഞ്ജിത്തിനോടാണെന്നും അതുകൊണ്ട് ഉത്തരം പറയേണ്ടത് രഞ്ജിത് ആണെന്നും വിനയൻ പറഞ്ഞു. രഞ്ജിത് മറുപടി പറഞ്ഞ ശേഷം ബാക്കി പറയാമെന്നും വിനയൻ വ്യക്തമാക്കി.
അവർഡ് നിർണ്ണയത്തിൻെറ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് ചെയർമാൻ ഇടപെട്ടിട്ടില്ലെന്ന് താങ്കൾ നിസംശയം പറഞ്ഞതെന്ന് സജി ചെറിയാനോട് വിനയൻ ചോദിച്ചു. മന്ത്രിയുടെ പി എസ് ആയ മനു സി പുളിക്കനോട്, തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നുവെന്ന് വിനയൻ ചൂണ്ടിക്കാട്ടി. മനു അത് നിയന്ത്രിക്കാൻ ശ്രമിച്ചെന്നും എന്നിട്ടും താങ്കളറിഞ്ഞില്ലെന്ന് പറഞ്ഞാൽ കഷ്ടമാണെന്നും വിനയൻ കൂട്ടിച്ചേർത്തു.
അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്നം. അവാർഡ് നിർണ്ണയത്തിൽ സർക്കാരിൻെറ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായ വിഷയമെന്നും വിനയൻ പറഞ്ഞു. നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ജിൻസി ഗ്രിഗറിയും രഞ്ജിത്തിൻെറ ഇടപെടലിനെപ്പറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിനയൻ ചൂണ്ടിക്കാട്ടി. അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുക്കാനെന്നും വിനയൻ സജി ചെറിയാനോട് പറഞ്ഞു. വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നും നോക്കേണ്ടതില്ലേയെന്നും വിനയൻ മന്ത്രിയോട് ചോദിച്ചു.
നേരത്തേ, അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സജി ചെറിയാൻ സ്വീകരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്തിന് ഒരു റോളുമില്ല. ജൂറിയിലെ അംഗമല്ല അദ്ദേഹം. അദ്ദേഹത്തിന് ഒരാളുമായും സംസാരിക്കാൻ കഴിയില്ല. അദ്ദേഹമല്ല ജൂറിയെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് ഒരിക്കലും ഇടപെടാൻ കഴിയില്ലെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. രഞ്ജിത് വളരെ മാന്യനായ, കേരളം കണ്ട ഇതിഹാസമാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
Discussion about this post