പെരുന്ന : വിശ്വാസ സംരക്ഷണ ദിനത്തിൽ ശക്തമായ പ്രസ്താവനയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയതു പോലെ ഈ വിഷയത്തിലും ഉറച്ചു നിൽക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തിൽ ഏറ്റവുമാദ്യം മുതൽ അവസാനം വരെ വിജയത്തിലെത്തിക്കാൻ ഉറച്ച് നിന്ന സംഘടനയാണ് നായർ സർവീസ് സൊസൈറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസത്തെ മുറുകെപ്പിടിച്ച് അവരവരുടെ പ്രദേശത്ത് ഏറ്റവും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ രാവിലെ കൂടുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യാനായിരുന്നു എൻ.എസ്.എസിന്റെ തീരുമാനം. അതാണിപ്പോൾ നടക്കുന്നത്. ശാസ്ത്രം പറയാൻ നിന്നാൽ മറ്റു മതങ്ങളുടെ കാര്യത്തിൽ എന്തെല്ലാമുണ്ട് പറയാൻ. ഞങ്ങളാരെങ്കിലും അതിനെതിരെ പറയുന്നുണ്ടോ ? സ്വർഗത്തിൽ ചെന്നാൽ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ? ആരാ സ്വർഗത്ത് പോയത്. ഏതവനാ സ്വർഗത്ത് പോയേച്ച് വന്നതെന്നും സുകുമാരൻ നായർ ചോദിച്ചു.
ഗണപതിയെ അവഹേളിച്ച വിഷയത്തിൽ മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ സർക്കാർ ഈ വിഷയത്തിൽ വേണ്ട നടപടി എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു. ഞങ്ങൾ വണ്ടി കത്തിക്കാനോ , ആരേയും ആക്രമിക്കാനോ ശ്രമിച്ചിട്ടില്ലല്ലോ.. ക്ഷേത്രത്തിൽ പോയി വഴിപാടുകൾ കഴിക്കാനല്ലേ ആവശ്യപ്പെടുന്നുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.
സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഗണപതി വിരുദ്ധ പ്രസ്താവനക്കെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് പിന്തുണയുമായി എൻ.എസ്.എസും രംഗത്തെത്തിയത്. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീർ നേരത്തെ സ്വന്തം മതത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയതും ചർച്ചയായി. വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്നും പക്ഷേ അത് ഒരു മതത്തിനെതിരെ മാത്രം സംസാരിക്കുന്നതായത് കൊണ്ടാണ് സ്പീക്കർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹിന്ദു സംഘടനകൾ വ്യക്തമാക്കി.
Discussion about this post