തിരുവനന്തപുരം: ഗണപതി ഓംകാരത്തിന്റെ പ്രതീകമാണെന്ന് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. അതുകൊണ്ടാണ് ഏത് ക്ഷേത്രത്തിൽ പോയാലും ആദ്യം ഗണപതിയെ വന്ദിക്കണം എന്ന് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ല. എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം മതത്തെ പോലെയോ ക്രിസ്തു മതത്തെ പോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധു നദീതീരത്തു താമസിച്ചിരുന്ന സംസ്കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
താൻ ഓംകാരത്തിന്റെ നാട്ടിൽ നിന്നാണ് വരുന്നതെന്ന പ്രശസ്ത ശബ്ദലേഖകനും സുഹൃത്തുമായ റസൂൽ പൂക്കുട്ടി ഓസ്കാർ അവാർഡ് വാങ്ങുന്നതിന് മുമ്പു പറഞ്ഞ വാചകവും ശ്രീകുമാരൻ തമ്പി ഉദ്ധരിച്ചു. പ്രപഞ്ചം ഉണ്ടായത് നാദത്തിൽ നിന്നാണെന്നു ഭാരതീയ സംസ്കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ഒരു മഹാവിസ്ഫോടനത്തിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post