തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് സ്പീക്കറുടെ പ്രസംഗം. എൻഎസ്എസിന്റെ നിലപാടിനെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി.
മതവിശ്വാസത്തിന് ഭരണഘടനാപരമായ അവകാശമുണ്ട്. അധികാര സ്ഥാനത്തിന്റെ പരിരക്ഷ ഉപയോഗിച്ചും രാഷ്ട്രീയപ്രേരിതവുമായാണ് സ്പീക്കർ വിവാദ പ്രസ്താവന നടത്തിയത്. ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുളളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം എന്നും വത്സൻ തില്ലങ്കേരി കുറ്റപ്പെടുത്തി.
ഗണപതി മിത്താണെന്ന് ഏത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഷംസീർ പറഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. സ്പീക്കർ അദ്ദേഹത്തിന്റെ മതത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ. മതങ്ങൾ തിരഞ്ഞെടുപ്പിനുള്ള അജണ്ടയല്ലെന്നും ബാലൻസ് ചെയ്യാൻ പോലും മറ്റ് മതങ്ങളെ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷംസീർ പ്രസ്താവന പിൻവലിച്ച് രാജിവെയ്ക്കണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
Discussion about this post