ലക്‌നൗ : രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മുധയിലെ ഗുലാഡിയ ഗ്രാമവാസിയായ അഹമ്മദ് റാസയെ(24) ആണ് യുപി തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഒരു മാസത്തിനിടെ രണ്ടാമത്തെ ഭീകരനാണ് സംസ്ഥാനത്ത് പിടിയിലാവുന്നത്. എടിഎസ് അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) നവീൻ അറോറയാണ് ഇക്കാര്യം അറിയിച്ചത്.
അറസ്റ്റിലായ ഭീകരൻ പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടനകളുമായും കശ്മീരിലെ പിർ പഞ്ചൽ റേഞ്ചിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി സുരകഷാ സേന പറഞ്ഞു. പാകിസ്താൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയി തീവ്രവാദ പരിശീലനം നേടാനും പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നു. രണ്ട് തവണ ശ്രീനഗറിലും അനന്ത്നാഗിലും എത്തി തോക്ക് ഉപയോഗിക്കാൻ പരിശീലനം നേടിയതായും കണ്ടെത്തിയിട്ടുണ്ട്. താലിബാന് കീഴിലുള്ള ബദ്രി കമാൻഡോയിൽ ചേരാനും ഇയാൾ പദ്ധതിയിട്ടരുന്നു.
സഹരൺപൂരിലെ എടിഎസ് ഏറെ നാളായി ഇയാളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനകളുമായും ഹിസ്ബുൾ കമാൻഡർമാരുമായും ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകൾ, ജിഹാദി വീഡിയോകൾ, വിവിധ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചിത്രങ്ങൾ, പരിശീലന രീതികൾ എന്നിവ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് എടിഎസ് സംഘം കണ്ടെടുത്തു. യുഎപിഎ പ്രകാരമാണ് ഭീകരനെതിരെ കേസെടുത്തിരിക്കുന്നത്.
ജിഹാദി ആശയങ്ങളും സംഘടനകളും പ്രതിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജിഹാദി സംഘടനകൾ ഇന്ത്യൻ സർക്കാരിനെ പിഴുതെറിയുമെന്നും രാജ്യത്ത് ശരിയത്ത് നിയമം സ്ഥാപിക്കുമെന്നും ഇയാൾ ഉറച്ച് വിശ്വാസിച്ചിരുന്നു. തന്റെ പരിശീലന കാലത്ത് രാജ്യത്ത് ശരിഅത്ത് നിയമം സ്ഥാപിക്കുമെന്ന് ഇയാൾ പ്രതിജ്ഞയെടുത്തിരുന്നു. കൂടുതൽ ആളുകളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി മൊറാദാബാദിലേക്ക് മടങ്ങിയതായിരുന്നു പ്രതി എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post