തിരുവനന്തപുരം : എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി. സെക്രട്ടേറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി. അഡ്വ. ആർ.എസ് രാജീവ് അദ്ധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു. ഓ.ബി.സി മോർച്ച അഖിലേന്ത്യ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ് സുരേഷ്, സി. ശിവൻകുട്ടി, പ്രഫസർ വി.ടി രമ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്ത നടപടിയിൽ കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നിരുന്നു. തളി ക്ഷേത്ര പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷ രേഖാ ഗുപ്ത, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത, തുടങ്ങിയ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
മതമൗലികവാദികളുടെ ഗുഡ്‌സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപയാത്രയ്‌ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെയാണ് എൻഎസ്എസ് നാമജപ യാത്ര സംഘടിപ്പിച്ചത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തിൽ പാളയം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു നാമജപ യാത്ര നടത്തിയത്. ഇതേ തുടർന്ന് ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്. യാത്രയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്ന് എൻഎസ്എസ് പ്രതികരിച്ചിരുന്നു.
Discussion about this post