എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് അലത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ പോലീസ്. ഇതിനായി പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണം എന്നാണ് കുട്ടിയുടെ വീട്ടുകാരുടെ ആവശ്യം.
കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനായി അസ്ഫാഖിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഇന്നലെ അസ്ഫാഖിനെ ആലുവ മാർക്കറ്റ് പരിസരത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച വസ്ത്രം, ചെരുപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ഇയാൾ ഇവ രണ്ടും സമീപമുള്ള കല്ലുകൾക്കിടയിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. അസ്ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലം വെളിവാക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കാൻ അന്വേഷണ സംഘം അടുത്ത ബിഹാറിലേക്ക് പോകും.
അസ്ഫാഖിനെതിരെ തെളിവുകൾ ശക്തമാക്കുന്നതിനായി ഒരിക്കൽ കൂടി വിശദമായ തെളിവെടുപ്പ് നടത്തും. കുട്ടിയുടെ വീട് മുതൽ കുട്ടിയുമായി പോയ വഴികളിലൂടെയെല്ലാം അസ്ഫാഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി അസ്ഫാഖിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണത്തോട് തുടക്കത്തിൽ സഹകരിക്കാതിരുന്ന അസ്ഫാഖ് അലം പിന്നീട് പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്നാണ് അസ്ഫാഖ് പോലീസിനോട് ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് ഉറപ്പിക്കുകയാണ് പോലീസ്.
Discussion about this post