പരുമല: പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ വാർഡിനുളളിൽ കയറി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ അനുഷയെയും കൊണ്ടാണ് തെളിവെടുപ്പ് നടത്തുന്നത്. യുവതിയുടെ അമ്മ വാർഡിൽ നിന്നും പുറത്തുപോയ തക്കം നോക്കിയാണ് അനുഷ യുവതിക്ക് അരികിലെത്തിയതെന്ന് പിതാവ് പറഞ്ഞു.
മൂന്നാമത്തെ തവണയാണ് സിറിഞ്ച് ഞരമ്പിലേക്ക് കയറിയത്. ആദ്യ രണ്ട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മകൾക്ക് സംശയം തോന്നി. നിങ്ങളെ ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചു. രണ്ട് ദിവസം ലീവ് ആയിരുന്നുവെന്ന് ആയിരുന്നു മറുപടി. എന്തിനാണ് ഇൻജക്ഷൻ എന്ന് ചോദിച്ചപ്പോൾ ഡെലിവറി കഴിഞ്ഞ് പോകുന്നവർക്ക് സാധാരണയായി എടുക്കുന്നതാണെന്ന് പറഞ്ഞു.
ധൃതിയിൽ ഇൻജക്ഷൻ എടുത്തിട്ട് പുറത്തേക്ക് പോയപ്പോൾ മകൾ ഉടൻ അമ്മയെ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് അവരെ ശ്രദ്ധിക്കുന്നതെന്ന് പിതാവ് പറഞ്ഞു. ലിഫ്റ്റിലേക്ക് പോകുന്നത് കണ്ടതോടെ അമ്മ നഴ്‌സിങ് റൂമിൽ സ്റ്റാഫിനെ വിവരം അറിയിച്ചു. അവര് പെട്ടന്നെത്തി അനുഷയെ പിടികൂടുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഇൻജക്ഷൻ എടുത്തതോടെ മകളുടെ കൈ ബൾജ് ചെയ്തു വന്നു. ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകിയതിനെ തുടർന്നാണ് മകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും പിതാവ് പറഞ്ഞു.
മരുമകന്റെ സുഹൃത്തിന്റെ അനിയത്തിയാണ് അനുഷയെന്ന് പിതാവ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം മരുമകനെ വിളിച്ച് കുട്ടി എവിടെയാണെന്നും വന്നു കണ്ടോട്ടെയെന്നും ചോദിച്ചു. വന്ന് കാണാൻ പറഞ്ഞുവെന്നാണ് മരുമകൻ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.
അതേസമയം വധശ്രമത്തിനാണ് അനുഷയ്‌ക്കെതിരെ കേസെടുത്തതെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി. നിലവിൽ അനുഷ മാത്രമാണ് കേസിലെ പ്രതി. സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തും. അനുഷയും യുവതിയുടെ ഭർത്താവുമായി സൗഹൃദമുണ്ടായിരുന്നുവെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും
വാട്‌സ് ആപ്പ് വിശദാംശങ്ങളും കോൾ ഡീറ്റെയ്ൽസും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കും. അതിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.
അനുഷയിൽ നിന്ന് സിറിഞ്ചും കോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഫാർമസി കോഴ്‌സ് പഠിക്കുന്ന അനുഷയ്ക്ക് മെഡിക്കൽ അറിവുകൾ ഉണ്ടെന്നും അതുകൊണ്ടാണ് കൃത്യത്തിന് മുതിർന്നതെന്നും പോലീസ് പറഞ്ഞു. കായംകുളത്ത് കടയിൽ നിന്നാണ് നഴ്‌സിംഗ് കോട്ട് വാങ്ങിയത്. പുല്ലുകുളങ്ങര കടയിൽ കയറി സിറിഞ്ചും വാങ്ങി. കൂടുതൽ തെളിവുകൾ പോലീസ് പരിശോധിക്കുന്നുണ്ടെന്നും തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.
Discussion about this post