കണ്ണൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കുങ്കുമ പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിന് താഴെ മൂക്കിൽ വെച്ചിട്ടുളള കണ്ണട ശാസ്ത്രത്തിന്റെ ഭാഗമാണെന്നും സിപിഎം നേതാവ് പി. ജയരാജൻ. ഗണപതി ഭഗവാനെയും ഹൈന്ദവ ദൈവങ്ങളെയും സ്പീക്കർ എ.എൻ ഷംസീറും സിപിഎം നേതാക്കളും അവഹേളിച്ചത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി. ജയരാജൻ.
വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ പി ജയരാജൻ തയ്യാറായില്ല. സിപിഎം ഒന്നും തിരുത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറി തന്നെ അത് കൃത്യമായി പറഞ്ഞുവെച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് ആയിരുന്നു മറുപടി. വിശ്വാസികളിൽ പ്രതിഷേധം കനത്തതോടെ മിത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കേണ്ടെന്ന് പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിലും പ്രതിനിധികളെ അയയ്‌ക്കേണ്ടെന്നാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തിലാണ് പി ജയരാജൻ പ്രതികരണം പരിമിതപ്പെടുത്തിയത്.
കഴിഞ്ഞ ദിവസവും ഷംസീറിനെ പിന്തുണച്ച് സുകുമാരൻ നായരുടെ നിലപാടിനെ ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. ഷംസീർ കമ്യൂണിസ്റ്റുകാരനാണ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുമെല്ലാം പ്രതിസ്ഥാനത്തു നിർത്തി അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരൻ നായർ സംസാരിക്കുന്നതെന്ന് ആയിരുന്നു വിമർശനം.
Discussion about this post