മലപ്പുറം: ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെതെന്ന് കരുതുന്ന പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ആർത്തവത്തെക്കുറിച്ച് പരോക്ഷമായി പറയുന്ന പോസ്റ്ററിലെ അശ്ലീല പ്രയോഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
എസ്എഫ്‌ഐ സാഹിത്യകാരൻമാരുടെ സാഹിത്യം രക്ഷിതാക്കൾ കാണുക വിലയിരുത്തുക! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ആഹ്വാനത്തോടെയാണ് രക്ഷിതാക്കൾ അടക്കം പോസ്റ്റർ പങ്കുവെക്കുന്നത്. നേരത്തെയും എസ്എഫ്‌ഐ സമാനമായ വിവാദത്തിൽ പെട്ടിരുന്നു.
മങ്കട ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റേതാണ് പോസ്റ്റർ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. എസ്എഫ്‌ഐ എംജിസി എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമഗ്രൂപ്പുകളിൽ ഉൾപ്പെടെ പോസ്റ്ററിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
കഴിഞ്ഞ ദിവസം കോളജിൽ നവാഗതരെ വരവേൽക്കുന്നതിന്റെ ഭാഗമായി ക്യാമ്പസിലാകെ എസ്എഫ്‌ഐ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയതാണ് വിവാദ പോസ്റ്ററെന്ന് സൂചനയുണ്ട്. ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. സമാനമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന മറ്റ് പോസ്റ്ററുകൾ കോളജിലെ എസ്എഫ്‌ഐ പ്രവർത്തകർ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ കൊല്ലം ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ നീതിദേവതയെ നഗ്നയാക്കി ചിത്രീകരിച്ച എസ്എഫ്‌ഐയുടെ പോസ്റ്ററും വിവാദമായിരുന്നു. നേരത്തെ തൃശൂർ കേരള വർമ്മ കോളജിൽ എസ്എഫ്‌ഐക്കാർ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രം വരച്ച് പോസ്റ്ററായി പ്രദർശിപ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Discussion about this post