വെളുത്ത വിഷമെന്ന ദുഷ്‌പേര് ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന പഞ്ചസാരയ്ക്ക് അല്‍പ്പമൊന്ന് ആശ്വസിക്കാം, ആ പേര് പങ്കിടാന്‍ ഇനി ഉപ്പും ഒപ്പമുണ്ട്. ഉപ്പ് അല്ലെങ്കിൽ സോഡിയത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടതിനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്ത് മരണങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഇടവരുത്തുന്ന പ്രധാന കാരണങ്ങളിലൊന്ന് ഉപ്പിന്റെ അമിതോപയോഗമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളില്‍ ഒന്നായ സോഡിയം, അമിതമായി ശരീരത്തിലെത്തിയാല്‍ ഹൃദ്രോഗം,സ്‌ട്രോക്ക്, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കും. ഉപ്പില്‍ പ്രത്യേകിച്ച് സോഡിയം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരോഗ്യം കണക്കിലെടുത്ത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
ഉപ്പിന്റെ അമിതോപയോഗം രക്തസമ്മര്‍ദ്ദം കൂടാനും അതുവഴി ഹൃദ്രോഗം, സ്്‌ട്രോക്ക് പോലുള്ള കാര്‍ഡിയോവാസ്‌കുലാര്‍ തകരാറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കാനും ഇടയുണ്ട്.
ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം
- ഉപ്പ് അമിതമായി ഉപയോഗിക്കുന്ന സംസ്‌കരിച്ചതും പെട്ടികളിലാക്കിയതും ആരോഗ്യത്തിന് നന്നല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാടേ ഉപേക്ഷിക്കുക. പകരം ഫ്രഷ് ആയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
- ഉയര്‍ന്ന അളവില്‍ ഉപ്പ് ഉപയോഗിക്കുന്ന ബര്‍ഗര്‍, പിസ്സ പോലുള്ളവ കഴിക്കാതിരിക്കുക
- മൈക്രോവേവ് ഡിന്നര്‍ എന്നറിയപ്പെടുന്ന ചൂടാക്കി കഴിക്കാവുന്ന പ്രീ കുക്ക്ഡ് ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുക, ഇവയില്‍ സോഡിയം അമിത അളവില്‍ ചേര്‍ത്തിരിക്കുന്നു
- ഉപ്പും ഉപ്പ് അടങ്ങിയ സോസുകളും ഡൈനിംഗ് ടേബിളില്‍ നിന്ന് മാറ്റുക. ഭക്ഷണം കഴിക്കുമ്പോള്‍ അനാവശ്യമായി ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും. സാലഡുകളില്‍ ചേര്‍ക്കുന്ന ഡ്രസ്സിംഗുകളിലും കെച്ചപ്പുകളിലും സോഡിയം വളരെ അധികം ചേര്‍ക്കുന്നുണ്ട്
- ഉപ്പിന് പകരം ആഹാരത്തിന്റെ രുചി വര്‍ധിപ്പിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍, വെളുത്തുള്ളി, പുളിരസമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍, മല്ലിയില, കറിവേപ്പില, പൊതീന പോലെയുള്ളവ ഉപയോഗിക്കുക.
- പൊട്ടെറ്റോ ചിപ്പ്‌സ്, ഫ്രെഞ്ച് ഫ്രൈസ്, ക്രാക്കറുകള്‍ തുടങ്ങി വലിയ അളവില്‍ ഉപ്പ് പുരട്ടിയ സ്‌നാക്‌സുകള്‍ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
- പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ ലേബലിലെ പോഷകമൂല്യം പരിശോധിക്കുന്നത് ശീലമാക്കുക. അതില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് ലേബലില്‍ നല്‍കിയിരിക്കും.
ഉപ്പിനെ തുരത്താന്‍ ഡാഷ് ഡയറ്റ്
ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ക്കായി ദേശീയ ഹൃദയ, മസ്തിഷ്‌ക, ശ്വാസകോശ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണക്രമമാണ് DASH (Dietary Approach to Stop Hypertension). സോഡിയം കുറഞ്ഞ, മഗ്നീഷ്യവും പൊട്ടാസ്യവും കൂടിയ, വെണ്ണ, നെയ്യ് പോലുള്ള പൂരിത കൊഴുപ്പ് കുറഞ്ഞ ആഹാരസാധനങ്ങള്‍ക്കാണ് ഡാഷ് ഡയറ്റ് ഊന്നല്‍ നല്‍കുന്നത്. പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവാണ് പ്രധാനമായും ഈ ഡയറ്റില്‍ ഉള്‍പ്പെടുക. പ്രതിദിന സോഡിയം ഉപയോഗം 2,300 മില്ലിഗ്രാം, അഥവാ ഒരു ടീസ്പൂണില്‍ താഴെ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ ഡയറ്റിന്റെ ഹൈലൈറ്റ്.
Discussion about this post