കോട്ടയം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ പ്രതിഷേധത്തിൽ സർക്കാർ ഭയന്നു. ഇതിന് തെളിവാണ് നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദത്തിൽ ആരുമായും സംസാരിച്ചിട്ടില്ല. പ്രതിഷേധവുമായി മുന്നോട്ട് പോയാൽ ശബരിമലയ്ക്ക് സമാനമായ പ്രക്ഷേഭം ഉണ്ടാകുമെന്ന് സർക്കാർ ഭയന്നിരിക്കാം. അതിനാലായിരിക്കും കേസ് എടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. ഷംസീറിന്റെ മിത്ത് വിവാദത്തിൽ മുറിവ് ഉണങ്ങിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എൻഎസ്എസ് സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. സമാധാനപരമായി പ്രതിഷേധിക്കും. പ്രകോപനം ഉണ്ടാക്കാതെ സമാധാന പരമായി വിഷയം അവസാനിപ്പിക്കണം എന്നാണ് തന്റെ നിലപാട്. വിഷയത്തിൽ താനുമായി ഷംസീർ സംസാരിച്ചിട്ടില്ല. അതിന് മുൻപ് അദ്ദേഹം രണ്ട് മൂന്ന് തവണ ഇവിടെ എത്തി തന്നെ കണ്ടിരുന്നുവെന്നും സുകുമാരൻ നായർ വ്യക്തമായി.
എൻഎസ്എസ് എന്നത് ഒരു മത നിരപേക്ഷ സംഘടനയാണ്. എല്ലാ സമുദായങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികളും നേതാക്കളും തന്നെ വന്ന് പിന്തുണ തേടുന്നത്. മാദ്ധ്യമങ്ങളാൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട വ്യക്തിയാണ് താൻ. ചാടിക്കേറി എന്തു പറയുന്ന ആളാണ് താനെന്ന് വരുത്തി തീർത്തു. അതിനാൽ കരുതലോടെയാണ് മാദ്ധ്യമങ്ങളെ കാണുന്നത്.
ഇടത് സ്ഥാനാർത്ഥി എത്തി തന്നെ കണ്ടു. പുതുപ്പള്ളിയിൽ എൻഎസ്എസിന്റെ നിലപാട് സമദൂരം തന്നെയാണ്. എന്നാൽ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖാനിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമദൂരം വ്യതിചലിച്ചുവെന്ന് വിവാദം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥികൾ പിന്തുണ തേടുക എന്നത് സ്വാഭാവിക പ്രക്രിയ ആണ്. ആരെയും പരസ്യപ്പെടുത്താറില്ല. എല്ലാ പാർട്ടികളും വേണമെന്ന കാഴ്ചപ്പാടാണ് എൻഎസ്എസിന്. രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവന്നാലേ ജനാധിപത്യം സാദ്ധ്യമാകുള്ളൂ. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായി നീരസമില്ല. വിഷയത്തിലുണ്ടായ നീരസം മാത്രമേയുള്ളൂ. പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. എന്നാൽ അതിൽ താൻ ഒന്നും പ്രതികരിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പല തമാശകളും പറയാറുണ്ട്. വിഷയവുമായി ബന്ധപ്പെട്ട പ്രതികരണത്തെയും ആ നിലയ്‌ക്കേ കാണുന്നുള്ളൂവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Discussion about this post