ഇസ്ലാമാബാദ് : ഇന്ത്യയുടെ വളരുന്ന സ്വാധീനത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യ ലോക ശക്തിയാവുകയാണ്. ലോക രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതികരണം നടത്തുന്നില്ലെന്നും മുനീർ ചൂണ്ടിക്കാട്ടി. പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു മുനീർ.
ലോകത്തൊരു ശക്തിക്കും പാകിസ്താനെ ഇല്ലാതാക്കാൻ കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് പാകിസ്താൻ സൈന്യത്തിനുണ്ടെന്നും മുനീർ കൂട്ടിച്ചേർത്തു. ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ആപത്താണെന്നും മുനീർ വ്യക്തമാക്കി. നിരവധി പ്രതിസന്ധികൾ പാകിസ്താൻ നേരിടുകയാണ്. എന്നാൽ അതിനെയെല്ലാം നേരിട്ട് പാകിസ്താൻ വിജയിക്കും. പ്രതിസന്ധികൾ നേരിടാൻ അള്ളാഹുവിന്റെ സഹായം ഉടൻ ഉണ്ടാകുമെന്നും മുനീർ പറഞ്ഞു.
കശ്മീരിൽ ഇന്ത്യ അടിച്ചമർത്തൽ തുടരുകയാണ്. ലോക രാജ്യങ്ങൾ ഒന്നും മിണ്ടുന്നില്ല. ഇന്ത്യയുടെ സ്വാധീനമാണത് കാണിക്കുന്നത്. ലോകം ഈ വിഷയത്തിൽ ഇടപെടണമെന്നും മുനീർ ആവശ്യപ്പെട്ടു. രണ്ട് ആണവ ശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത് ഈ മേഖലക്ക് താങ്ങാൻ കഴിയുന്നതല്ലെന്നും പാക് പട്ടാളമേധാവി പ്രസ്താവിച്ചു.
പാകിസ്താനെ തകർക്കാൻ അയൽ രാജ്യം ആവുന്നത് ശ്രമിച്ചു. എന്നാൽ അവർക്ക് വിജയിക്കാനായില്ല. ഏത് പ്രതിസന്ധിയേയും നേരിടാൻ കഴിയുന്ന രീതിയിൽ സൈന്യം സജ്ജമാണെന്നും മുനീർ അവകാശപ്പെട്ടു.
Discussion about this post