എറണാകുളം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ആണ് ചോദ്യം ചെയ്യൽ. മോൻസൻ മാവുങ്കലിൽ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് സുധാകരനെ ഇന്ന് ചോദ്യം ചെയ്യുന്നത്.
നിലവിൽ കണ്ണൂരിലാണ് അദ്ദേഹം ഉള്ളത്. രാവിലെ 10 മണിയോടെ അദ്ദേഹം കൊച്ചിയിൽ എത്തുമെന്നാണ് വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട് 18 ന് ഹാജരാകാൻ സുധാകരന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്നും അദ്ദേഹം ഒഴിവാകുകയായിരുന്നു. തുടർന്ന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. മോൻസണുമായുള്ള ബന്ധം, ഇടപാടുകളുണ്ടായിരുന്നോ, മോൻസന്റെ വീട്ടിൽവച്ച് കണ്ടുമുട്ടിയിട്ടുള്ള വ്യക്തികൾ എന്നിവയിലാണ് കെ സുധാകരനിൽനിന്നും ഇ.ഡി ഇന്ന് വ്യക്തത തേടുക.
കള്ളപ്പണം വെളുപ്പിക്കൽ കേസിലെ സാക്ഷികൾ ആണ് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയതായി മൊഴി നൽകിയിരിക്കുന്നത്. ഇതിന് പുറമേ തൃശ്ശൂർ സ്വദേശി അനൂപ്, മോൻസന് 25 ലക്ഷം രൂപ നൽകിയതിന് സുധാകരൻ ഇടനില നിന്നെന്ന മൊഴിയും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്.
Discussion about this post