കൊച്ചി: ഓണം അടുത്തതോടെ പൂക്കൾക്കും വിലയേറി. മുല്ലപ്പൂ തേടിയെത്തുന്ന ആവശ്യക്കാർക്ക് മുഴം അളവിൽ പൂക്കൾ വിറ്റാൽ പിടിവീഴും. ഇന്നലെ മാത്രം ആറ് പൂക്കച്ചവടക്കാർക്ക് എതികെയാണ് ലീഗൽ മെട്രോളജി സ്‌ക്വാഡ് കേസെടുത്തത്. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ഇവരിൽ നിന്ന് 2,000 രൂപ വീതം മൊത്തം 6,000 രൂപ പിഴ ഈടാക്കി. മുല്ലപ്പൂ വിൽക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയിലിൽ അളന്നോ ത്രാസിൽ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. മാല രൂപത്തിലാക്കി. പൂക്കൾ മീറ്റർ സ്‌കെയിൽ ഉപയോഗിച്ച് അളന്ന് വിൽക്കാം. അല്ലാത്ത പൂക്കൾ തൂക്കി വിൽക്കണം എന്നാണ് നിയമം.
മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടതെന്നാണ് നിയമം വ്യക്തമാക്കുന്നത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴമായി കണക്കാക്കിയിരുന്നത്. അതായത് കൈയുടെ നീളം കൂടുന്നത് അനുസരിച്ച് പൂമാലയുടെ അളവും മാറും. ഇതോടെ സ്‌കെയിൽ വച്ച് അളക്കാനാണ് നിർദേശം. 44.5 സെൻറീമീറ്ററാണ് ഒരു മുഴം പൂ ചോദിച്ചാൽ കൊടുക്കേണ്ടത് എന്നാണ് ലീഗൽ മെട്രോളജി വിഭാഗം നിർദേശിച്ചിട്ടുള്ളത്.
മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂക്കൾ വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുൾപ്പടെ 21 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. കൊച്ചിനഗരത്തിലെയും പരിസരത്തെയും വിവിധ കടകളിൽ നിന്നായി നിയമലംഘനത്തിന് ആകെ 60,000 രൂപയാണ് പിഴയായി ഈടാക്കിയത്.













Discussion about this post