അർമേനിയ, ഗ്രീസ് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നത് ശത്രു സഖ്യങ്ങളെ ആശങ്കപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ സ്വാധീനത്തെ ചെറുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന തുർക്കി, അസർബൈജാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് ഇത് ആശങ്കയിലാഴ്ത്തുന്നത്.
അർമേനിയയ്ക്ക് ആയുധങ്ങൾ വിൽക്കാനും ഗ്രീസുമായുള്ള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്താനുമുള്ള ഇന്ത്യയുടെ തീരുമാനം ഈ രാജ്യങ്ങൾക്കുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുടെ പരമ്പരാഗത സഖ്യകക്ഷിയായ അർമേനിയയും നാറ്റോ അംഗമായ ഗ്രീസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക വഴി തുർക്കി നയിക്കുന്ന ഇന്ത്യ വിരുദ്ധ സഖ്യത്തിന് ശക്തമായ സന്ദേശമാണ് മോദി സർക്കാർ നൽകുന്നത്.
അർമേനിയയുമായും ഗ്രീസുമായും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ബന്ധം ആ പ്രദേശത്തെ പങ്കാളിത്തം വിപുലമാക്കുക എന്ന വിശാല തന്ത്രത്തിന്റെ ഭാഗമാണ്. ഇനി റഷ്യ, ഇറാൻ തുടങ്ങിയ പരമ്പരാഗത സഖ്യകക്ഷികളെ മാത്രം ആശ്രയിക്കാതെ ഗ്രീസ്, അർമേനിയ തുടങ്ങിയ തങ്ങളുടെ താൽപ്പര്യങ്ങൾ പങ്കിടുന്ന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ തേടുകയാണ് ഇന്ത്യ.
1992-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതിനുശേഷം അർമേനിയയുമായുള്ള ഇന്ത്യയുടെ ബന്ധം ക്രമാനുഗതമായി വളർന്നു. 2019-ൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സംസ്കാരം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഒരു സമഗ്ര നയതന്ത്ര പങ്കാളിത്ത ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അർമേനിയയ്ക്ക് ഇന്ത്യ സൈനിക സഹായം നൽകുന്നത് അസർബൈജാനുമായുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന് കാരണമായി.
ഇന്ത്യയും ഗ്രീസും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി കൂടുതൽ ശക്തിപ്രാപിച്ചു. 2020-ൽ ഇരു രാജ്യങ്ങളും പ്രതിരോധം, വ്യാപാരം, ഊർജം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചു. ഗ്രീസിന് ഇന്ത്യ സൈനിക സഹായം നൽകുന്നതിൽ തുർക്കിക്ക് എതിർപ്പുണ്ട്.
അർമേനിയയുമായും ഗ്രീസുമായും ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുന്നത് തുർക്കി, അസർബൈജാൻ, പാകിസ്ഥാൻ എന്നിവർ ചേർന്ന് രൂപീകരിച്ച സഖ്യത്തെയാണ് അസ്വസ്ഥമാക്കുന്നത്. കിഴക്കൻ മെഡിറ്ററേനിയൻ വിഷയത്തിൽ തുർക്കിയും അസർബൈജാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഈ സഖ്യം ഇതിനകം തന്നെ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നു. ഇന്ത്യയുടെ പ്രവർത്തനങ്ങൾ സഖ്യത്തിനുള്ളിലെ ബന്ധങ്ങളെ കൂടുതൽ വഷളാക്കുകയും മേഖലയിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.
ഈ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുന്നതിൽ ഇന്ത്യ ഇതുവരെ സൂക്ഷ്മമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ രാജ്യങ്ങളെ പ്രകോപനപരമായി നേരിടുന്നതിനുപകരം, ക്രമേണ ഒന്നൊന്നായി ബന്ധങ്ങൾ കെട്ടിപ്പടുക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഈ തന്ത്രം ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇതുവഴി ഇന്ത്യയ്‌ക്കെതിരെ ഈ രാജ്യങ്ങൾ ഒന്നിക്കുന്നത് തടയാനാകും.
തുർക്കി നയിക്കുന്ന സഖ്യം ഏകീകൃതമല്ല എന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യുന്നുണ്ട്. സഖ്യത്തിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്, ഇന്ത്യ ഈ വ്യത്യാസങ്ങൾ തങ്ങളുടെ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. തുർക്കിയുടെ സുപ്രധാന സഖ്യകക്ഷിയായ നാറ്റോയിൽ ഗ്രീസ് അംഗമായിരുന്നിട്ടും, ഗ്രീസുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.
അർമേനിയ, ഗ്രീസ്, ഇറാൻ എന്നിവയുമായി സമാധാനപൂർവ്വവും എന്നാൽ സ്ഥിരതയോടെയും ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ ബുദ്ധിപരമായ നീക്കം ഭാവിയിൽ ഫലവത്തായേക്കുമെന്നാണ് പ്രതീക്ഷ . സമൃദ്ധമായ എണ്ണ, വാതക വിഭവങ്ങൾ എന്നിവ കാരണം ഊർജ സുരക്ഷയ്ക്ക് കാര്യമായ പ്രാധാന്യമുള്ള മെഡിറ്ററേനിയൻ മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന നയതന്ത്ര താൽപ്പര്യങ്ങളെ ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നു. കൂടാതെ, ഈ മേഖലയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.
അർമേനിയയുമായും ഗ്രീസുമായും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ബന്ധം മെഡിറ്ററേനിയൻ മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിനെതിരെയുള്ള ഒരു പ്രതിരോധ നടപടിയായും കാണാം. ഇന്ത്യയുടെ നീക്കങ്ങൾക്കെതിരെയുള്ള പ്രധിരോധമെന്നോണം മേഖലയിൽ ചൈന തങ്ങളുടെ സാമ്പത്തിക, സൈനിക സാന്നിധ്യം സജീവമായി ശക്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.
ഈ പങ്കാളിത്ത കരാറുകളും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധവും അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളെ ചൂണ്ടികാണിക്കുന്നു. ഇന്ത്യ ഇപ്പോൾ ഒരു നിഷ്ക്രിയ റോളിൽ തൃപ്തരല്ല, മാത്രമല്ല രാജ്യം അതിന്റെ ആഗോള സ്വാധീനവും സാന്നിധ്യവും വർദ്ധിപ്പിക്കാൻ സജീവമായി ശ്രമിക്കുന്നു. തൽഫലമായി വരും വർഷങ്ങളിൽ മേഖലയിൽ തീവ്രമായ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഗ്രീസ് സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് അംബാസഡർ അനിൽ ത്രിഗുണായത്ത് അഭിപ്രായപ്പെട്ടു.
അടുത്ത കാലത്തായി മന്ത്രിതലത്തിൽ, ആശയ രൂപീകരണത്തിൽ അഭിവൃദ്ധി ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ സുരക്ഷാ, പ്രതിരോധ മേഖലകൾ ഉൾപ്പെടുന്നു. വ്യാപാരവും നിക്ഷേപവും വളർച്ച കൈവരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കശ്മീർ വിഷയത്തിലും പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരതയ്ക്കെതിരെയും ഗ്രീസ് ഇന്ത്യയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഇന്ത്യൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ഗ്രീസിനു താൽപ്പര്യമുള്ളതിനാൽ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇത് സഹായകരമാകും.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിവിധ കാരണങ്ങളാൽ ഗ്രീസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന രാജ്യമാണ്. ഒന്നാമതായി, ഹൈഡ്രോകാർബണുകൾ, നാവിഗേഷൻ, സുരക്ഷ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സമുദ്രനയതന്ത്രവും സഹകരണവും ഇത് മൂലം സാധ്യമാകുന്നു. ഈ ബന്ധം സൗഹൃദപരമല്ലാത്ത മറ്റു ശക്തികളുടെ സ്വാധീനത്തെ പ്രതിരോധിക്കുന്നത് ഉൾപ്പെടെ സമഗ്രമായ സഹകരണത്തിനുള്ള അവസരങ്ങളും നൽകുന്നു.
Discussion about this post