എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മാപ്പ് പറയണം എന്നാണ് ആവശ്യം. കെഎസ്‌യു നേതാവ് ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾ ആണ് അദ്ധ്യാപകനെ അവഹേളിച്ചത്.
സംഭവത്തെ തുടർന്ന് ആറ് വിദ്യാർത്ഥികളും സസ്‌പെൻഷനിലായിരുന്നു. ഇവരുടെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോളേജ് കൗൺസിൽ രംഗത്ത് എത്തിയത്.
മാപ്പ് പറച്ചിലിൽ വിഷയം അവസാനിപ്പിക്കാനും കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടെന്നുമാണ് കൗൺസിലിന്റെ നിലപാട്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് ഈ തീരുമാനം എന്നും കോളേജ് കൗൺസിൽ വ്യക്തമാക്കുന്നു.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അവഹേളിച്ചത്. അദ്ദേഹം ക്ലാസ് എടുക്കുന്നതിനിടെ എഴുന്നേറ്റ് നടന്നും ബഹളം ഉണ്ടാക്കിയും ശല്യപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കോളേജ് അധികൃതർ അറിഞ്ഞത്. തുടർന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, സി എ, നന്ദന സാഗർ,രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരാണ് അദ്ധ്യാപകനെ അവഹേളിച്ചത്.
Discussion about this post