Gokul Sureshഎവിടെയാണ് കൊത്തയിലെ രാജാവിന് പിഴച്ചത്?
കൃത്യമായ ഒരു ഉത്തരം നൽകുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരു സുപ്രഭാതത്തിൽ ദുൽഖർ സൽമാനെ സൂപ്പർ സ്റ്റാറായി അവരോധിക്കാൻ ഒരു മാസ് സിനിമ വേണം. അതിന് വേണ്ടി എങ്ങിനെയെങ്കിലും ഒന്ന് തട്ടിക്കൂട്ടണം എന്ന ധാരണയിൽ തല്ലിക്കൂട്ടിയ മൂന്ന് മണിക്കൂറോളം വരുന്ന ഒരു ‘പ്രേക്ഷക പീഡനം ‘ അതാണ് കിംഗ് ഓഫ് കൊത്ത.
ഔട്ട് ഡേറ്റഡ് ആയ പ്രമേയം , അതിനാടകീയതയാർന്ന രംഗങ്ങൾ
വേണ്ട ഇടങ്ങളിൽ കത്രിക വെയ്ക്കാൻ മറന്നത് പോലെയുള്ള എഡിറ്റിങ്
പൂർണ്ണതയോ ജീവസ്സോ ഇല്ലാത്ത ഒരു പിടി കഥാപാത്രങ്ങൾ
ഇത്രയും പോരായ്മകളെ മേക്കിങ് കൊണ്ടും ദുൽഖറിന്റെ താരമൂല്യം കൊണ്ടും മറികടക്കാം എന്ന് കരുതി. അവിടെ നിന്നും തന്നെ പിഴച്ചു. തൊണ്ണൂറുകളിൽ ധാരാളം കണ്ടിട്ടുള്ള സിനിമകളിൽ ഒക്കെ കൈകാര്യം ചെയ്തു വന്ന ഒരു സബ്ജെക്റ്റ് ആണ് കൊത്തയുടേതും. പ്രതീക്ഷിച്ച രീതിയിൽ തന്നെയുള്ള പോക്കാണ്. കഥ തൊണ്ണൂറിലേതാണെങ്കിലും അത് പറയുന്നത് 2023 ലാണെന്ന് അഭിലാഷ് ജോഷി മറന്നു പോയി. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിപ്പിച്ച മാസ് സിനിമകളുടെ രസതന്ത്രം ശ്രദ്ധിച്ചാൽ അറിയാം, അവയോരോന്നും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ‘മാസ് മൊമെന്റ്‌സ്’ കൊരുത്തെടുത്തു കൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണെന്ന്.
കഥാപാത്രങ്ങളുടെ ശരീരഭാഷ കൊണ്ടും, അംഗചലനം കൊണ്ടും, നോട്ടം കൊണ്ടും, ഡയലോഗ് കൊണ്ടുമൊക്കെ മാസ് മൊമെന്റ്‌സ് സൃഷ്ടിക്കുമ്പോൾ ആണ് പ്രേക്ഷകർ അവർ ഇരിക്കുന്ന കസേരകളിൽ നിന്നും മുന്നോട്ടായുന്നത്, കയ്യടിക്കുന്നത്, വിസിലടിക്കുന്നത്, ആവേശം കൊള്ളുന്നത്. അത്തരം മൊമെന്റ്‌സ് അതിന്റെ ത്രിൽ ഒട്ടും ചോരാതെ പ്രേക്ഷകരിൽ എത്തിക്കാൻ മികച്ച രീതിയിൽ എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉണ്ടായിരിക്കണം, ശ്രദ്ധാപൂർവം കൺസീവ് ചെയ്യപ്പെട്ട ഫ്രേയ്മുകൾ വേണം, അതിനെ കൺവിൻസിംഗ് ആയ രീതിയിൽ പകർത്താൻ കഴിയുന്ന താരപ്രകടനങ്ങൾ വേണം, അവരുടെ കഥാപാത്രങ്ങൾക്ക് കൃത്യമായ ഒരു കാരക്ടർ ആർക്ക് വേണം. ഈ ഘടകങ്ങൾ ഒക്കെ ചേർന്ന് വരുമ്പോൾ ആണ് മാസ് മൊമന്റുകൾ ഉണ്ടാവുന്നത്. ഇവിടെ അക്കാര്യത്തിൽ അഭിലാഷിനോടൊപ്പം നിൽക്കാൻ നിമിഷ് രവിക്ക് കഴിഞ്ഞിട്ടില്ല, അഭിലാഷ് ചന്ദ്രന് കഴിഞ്ഞിട്ടില്ല, ഉമാശങ്കർ സതാപതിക്ക് കഴിഞ്ഞിട്ടില്ല… ദോഷം പറയരുതല്ലോ ജെയ്ക്ക്സ് ബിജോയ് കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പക്ഷെ അതൊരു ഒറ്റയാൾ പട്ടാളമായിപ്പോയി. അതുകൊണ്ട് തന്നെ മാസ് ഉദ്ദേശിച്ചു സൃഷ്ടിച്ച രംഗങ്ങൾ അവയ്ക്ക് വേണ്ട നിമ്നോന്നതങ്ങൾ ഇല്ലാതെ ഫ്ലാറ്റ് ആയിപ്പോയി.
തന്റെ അച്ഛന്റെ ക്രൂവിൽ ഉണ്ടായിരുന്നവരിൽ, അഭിലാഷ് ജോഷി മിസ് ചെയ്യുന്നത് കെ ശങ്കുണ്ണിയെപ്പോലെയുള്ള കൃതഹസ്തനായ ഒരു എഡിറ്ററെയാണ്. ജോഷി ചിത്രങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, അളന്നു മുറിച്ച കൃത്യതയാർന്ന എഡിറ്റിങ് അവയുടെ പ്രത്യേകതയാണ്. അനാവശ്യമായി സീനുകൾ തിരുകുന്നത് സിനിമയുടെ ചടുലതയെ ബാധിക്കുമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. സംഘട്ടന രംഗങ്ങൾ ആയിരുന്നു ജോഷിയിലെ ടെക്ക്‌നീഷ്യന്റെ ഹൈലൈറ്റ്. ഫൈറ്റ് കംപോസ് ചെയ്യുമ്പോൾ, പ്രേക്ഷകർക്ക് അതിന്റെ മദ്ധ്യത്തിൽ അകപ്പെട്ട പോലൊരു ഫീൽ നൽകാൻ അദ്ദേഹത്തിന്റെ സിനിമകളിൽ സാധിച്ചട്ടുണ്ട്. ഏആർ ബാഷയെപ്പോലെയുള്ള കൊറിയോഗ്രാഫർമാരും അതിനോട് കട്ടയ്ക്ക് നിൽക്കുന്ന ടെക്‌നീഷ്യൻമാരും ആയിരുന്നു അതിന് പിറകിൽ. സാങ്കേതിക വിദ്യ ഒരു പാട് മുന്നോട്ട് പോയ കാലഘട്ടമാണിത്. അതിന്റെ സഹായം ഈ തലമുറയിലെ ഫിലിം മേക്കേഴ്സിന് നിർലോഭം ലഭിക്കും. എന്നാൽ ഇവിടെ ആകെ എടുത്തു പറയാനുള്ളത് ക്ളൈമാക്സ് ഫൈറ്റ് ഒന്ന് മാത്രമാണ്. അതിലും ആവശ്യത്തിനും അനാവശ്യത്തിനുമായി നിരവധി കട്ടുകൾ തിരുകിക്കയറ്റി ത്രസിപ്പിക്കുന്ന ഒരു എക്സ്പീരിയൻസ് നൽകാൻ സാധിക്കാതെ പോയി.
ദുൽഖർ സൽമാന്റെ ഏറ്റവും വലിയ പോരായ്മ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി ആണ്. ഒന്നാമത് അക്ഷരസ്ഫുടത ഇല്ല, പിന്നെ ഒട്ടും മോഡുലേഷനിൽ വേരിയേഷൻ നൽകാനുള്ള കഴിവുമില്ല. അതുകൊണ്ട് തന്നെ നെടുങ്കൻ ഡയലോഗ് കൊണ്ട് കയ്യടി വാങ്ങിക്കാൻ അദ്ദേഹത്തിനെക്കൊണ്ട് സാധിക്കില്ല. അതിന് വേണ്ടത് ക്രിസ്പ്പായ വൺ ലൈനറുകൾ ആണ്. അത്തരത്തിലുള്ള ഡയലോഗുകൾ എഴുതാൻ അഭിലാഷ് ചന്ദ്രന് കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ പാത്രസൃഷ്ടികൾ. വാലും മൂടുമില്ലാതെ കൃത്യമായ ഒരു കാരക്ടർ ആർക്കില്ലാതെ എഴുത്തുവേല കൊണ്ട് ആ കഥാപാത്രങ്ങൾക്ക് ഒന്നുപോലും പ്രേക്ഷകർ എമ്പതൈസ് ചെയ്യുന്ന മട്ടിലുള്ള ഇമോഷണൽ ഡെപ്ത്തോ കൺസിസ്റ്റൻസിയോ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിലെ വെണ്ടക്കയും കത്രികയും മുരിങ്ങാക്കായയും തക്കാളിയും ഒക്കെയായി ഓരോ കഥാപാത്രവും. ഒരു പാട് സാധ്യതകൾ ഉള്ള ഒരു കഥാപത്രമായിരുന്നു നൈല ഉഷയുടെ മഞ്ജു. അവസാനം സംവിധായകനും കഥാകൃത്തും ആ കഥാപാത്രത്തെത്തന്നെ മറന്നു പോയി. കിംഗ് ഓഫ് കൊത്തയിൽ ഏറ്റവും ഇറിറ്റേറ്റിങ് ആയി തോന്നിയത് അതിലെ സ്ത്രീകഥാപാത്രങ്ങളാണ്. ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, സജിത മഠത്തിൽ .. ഓരോരുത്തരുടെയും കഥാപാത്രങ്ങളെക്കൊണ്ട് കാണിച്ചു വെച്ചിരിക്കുന്നത് കണ്ടാൽ സഹതാപം തോന്നും. അതിലും ദയനീയമാണ് അവരിൽ ഓരോരുത്തരുടെയും അഭിനയം. തങ്ങളുടെ അമിതാഭിനയം കൊണ്ട് നാടകത്തെ സിനിമയിലേക്ക് സന്നിവേശിപ്പിക്കുക എന്ന ദൗത്യം വളരെ വിജയകരമായി നിർവഹിച്ചിട്ടുണ്ട് ഓരോരുത്തരും. അതിൽ സജിത മഠത്തിലിന് സ്പെഷൽ മെൻഷൻ.
ഇത്തരം സിനിമകളിൽ ലോജിക്ക് നോക്കി പോവേണ്ട കാര്യമില്ല. എന്നാൽ അപ്പോഴും അസംഭവ്യമായ കാര്യങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്ക് മെയ്ക്ക് ബിലീവ് ആക്കാൻ കഴിയണം.. അതിന് വേണ്ടത് ആ കഥാപാത്രങ്ങളെക്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിൽ ഒരു ധാരണയാണ്. എന്നാൽ അത്തരത്തിലൊരു ധാരണ സംവിധായകനോ എഴുത്തുകാരനോ ഉള്ളതായി തോന്നിയില്ല. രാജുവിനെ പറ്റി രഞ്ജിത്ത് കണ്ണനോട് പറയുന്നത് പോലെ “അവന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല” എന്നതായി പോയി പാത്രഘടനയിൽ.
അതെ സമയം കിംഗ് ഓഫ് കൊത്തയിൽ ചില എടുത്തു പറയേണ്ട ഘടകങ്ങൾ കൂടിയുണ്ട്. ഒന്നാമത്തേത് ആർട്ട് ഡയറക്ഷൻ. അതി മനോഹരമായി ഒരുക്കിയിരിക്കുന്ന സെറ്റുകൾ ആണ് കൊത്തയുടേത്. ഒരു പാട് പണിപ്പെട്ട് ആ ഫീൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തേത് ജെയ്‌ക്ക്സ് ബിജോയ്. കൊത്ത രാജുവിന് വേണ്ടി ഒരുക്കിയിരിക്കുന്ന ബിജിഎമ്മുകൾ മികച്ചവ തന്നെയാണ്. പക്ഷെ അതിന് അനുസൃതമായ ഫ്രെയിമുകൾ ഇല്ലാതെ പോയി. ഇത്രയും വിശദമായി എഴുതിയത്, വലിയ പ്രതീക്ഷയോടെ പോയി കണ്ടു നിരാശ തോന്നിയത് കൊണ്ട് മാത്രമാണ്. എന്നാൽ ഒരു പാൻ ഇന്ത്യ മാസ് ഹിറ്റ് ഉദ്ദേശിച്ചു കൊണ്ട് സൃഷ്ടിച്ച ചിത്രം കേരളത്തിൽ തന്നെ ഉദ്ദേശിച്ച വിജയം നേടുമോ എന്ന് സംശയമാണ്. ഒടുവിൽ പറയുകയാണെങ്കിൽ ദുൽഖർ സൽമാൻ തന്റെ കരിയറിൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത.
വാൽക്കഷ്ണം: പൊന്നിയൻ ശെൽവനെപ്പോലെയുള്ള എപ്പിക്ക് കാൻവാസിൽ ഒരു കഥ പറയാനല്ലെങ്കിൽ, ഇന്നത്തെ കാലത്ത് ഒന്നേമുക്കാൽ മണിക്കൂറിലേറെയുള്ള റൺ ടൈം ഒരു പാതകമാണ്. അത് വളർന്നു വരുന്ന സംവിധായകർ ഒന്നോർത്തിരിക്കുന്നത് നല്ലതാണ്.
Discussion about this post