കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കടന്നപ്പള്ളിയിലെ പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിലാണ് ചേരിതിരഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നരമാണ് സംഭവം.
ഓണാഘോഷത്തിന്റെ പേരിൽ പ്ലസ്ടു വിദ്യാർത്ഥികൾ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ തങ്ങളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു. ഈ അക്കൗണ്ടിന് ഫോളോവേഴ്സ് കൂടിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ആരംഭിച്ചത്.
തങ്ങളുടെ അക്കൗണ്ടിൽ ചേർക്കാമെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും പ്ലസ്ടുക്കാർ ആവശ്യപ്പെട്ടത് പ്ലസ് വൺ വിദ്യാർത്ഥികൾ നിരാകരിച്ചു. ഇതോടെയാണ് അടിനടന്നത്. സ്‌കൂൾ അധികൃതർ പരാതി നൽകുകയാണെങ്കിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post