പത്തനംതിട്ട: സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പമ്പാ നദിയിലെ ജലശോഷണത്തിൽ ആശങ്കയറിയിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. പുണ്യ പമ്പാ നദി വറ്റി വരളുകയാണ്. കർക്കിടക മാസത്തിൽ തന്നെ പമ്പാനദി ശോഷിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ചേതോഹരമെന്ന് എഴുത്തച്ഛൻ രാമായണത്തിൽ വിശേഷിപ്പിച്ച ഈ നദിക്ക് മരണ മണി മുഴങ്ങുവാൻ അധികകാലമില്ലെന്ന വേദനിപ്പിക്കുന്ന തിരിച്ചറിവിലാണ് പമ്പാ സ്നേഹികളെല്ലാം. സമൃദ്ധമായി വെള്ളമൊഴുകിയിരുന്ന കാലം ഓർമ്മയിലാകുമോ എന്ന ഭയാശങ്ക ഏവരുടെയും മനസിനെ വേട്ടയാടുകയാണിപ്പോൾ. പൊങ്ങിയ മണൽപ്പുറ്റുകൾക്കിടയിലൂടെ ഒഴുകുന്ന ചെറിയ നീർച്ചാലുകൾ മാത്രമായി പമ്പ മാറിയെന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു.
ആറന്മുള ജലോത്സവം നടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 52 പള്ളിയോടങ്ങൾ വള്ളപ്പാട്ടിന്റെ അകമ്പടിയോടെ തുഴഞ്ഞു നീങ്ങുന്നതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ധ്വംസനത്തിന്റെയും ദുരന്തവും ദുരിതവും പേറുകയാണ് പുണ്യ പമ്പാനദിയെന്നും കുമ്മനം കുറിക്കുന്നു.
Discussion about this post