പുതുപ്പളളി: ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജോലിയിൽ നിന്നും ഒഴിവാക്കിയ പുതുപ്പളളിയിലെ സതിയമ്മയ്‌ക്കെതിരെ കേസും. ഗൂഢാലോചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ലിജിമോൾ എന്നയാളുടെ പേരിലാണ് സതിയമ്മ മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തു വന്നിരുന്നതെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ സതിയമ്മയുടെ അയൽവാസി കൂടിയായ ലിജിമോൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
സതിയമ്മയെ കൂടാതെ ഐശ്വര്യ കുടുംബശ്രീയുടെ സെക്രട്ടറി സുധാമോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ലിജിമോൾ നേരത്തെ കുടുംബശ്രീ ഭാരവാഹിയായിരുന്നപ്പോഴാണ് ഇരുവരും മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജോലിക്കായി കയറിയതെന്നാണ് സതിയമ്മ വിശദീകരിക്കുന്നത്. ഓരോ മാസവും ഇരുവരും മാറിമാറി ജോലി ചെയ്യണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ ലിജിമോളുടെ സമ്മതത്തോടെ സതിയമ്മ മാത്രമാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. കുടുംബശ്രീയുടെ അക്കൗണ്ട് വഴിയാണ് ഇവർക്ക് ശമ്പളം വന്നുകൊണ്ടിരുന്നതും.
ഉമ്മൻചാണ്ടിക്ക് അനുകൂലമായ സതിയമ്മയുടെ വാക്കുകളും തുടർന്നുണ്ടായ രാഷ്ട്രീയ ചർച്ചയും
സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന്റെ തുടർച്ചയാണ് കേസ് എന്നാണ് സൂചന. കേസിനെ നിയമപരമായി നേരിടുമെന്ന് സതിയമ്മ പറഞ്ഞു. സതിയമ്മയ്ക്ക് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാല് വർഷം മുൻപാണ് സതിയമ്മയുമൊന്നിച്ച് കുടുംബശ്രീയിൽ പ്രവർത്തിച്ചിട്ടുളളതെന്നും അയൽവാസികളാണ് എന്നതിനപ്പുറം കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം ലിജിമോൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ലിജിമോളുടെ നിലപാട് മാറ്റത്തിന് പിന്നിൽ മറ്റെന്തോ സ്വാധീനമാണെന്നാണ് സതിയമ്മ പറയുന്നത്.
Discussion about this post