ബുഡാപെസ്റ്റ് : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ ആദ്യ സ്വർണമാണ് നീരജ് കുറിച്ചത്. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. പാകിസ്താന്റെ അർഷദ് നദീമിനാണ് വെള്ളി. ചെക് റിപ്പബ്ലികിന്റെ ജാക്കുബ് വാദ്‌ലെക്കാണ് വെങ്കലം.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും സ്വർണമെന്ന അപൂർവ്വ ഡബിൾ സ്വന്തമാക്കിയിരിക്കുകയാണ് നീരജ് ചോപ്ര. ആദ്യം ഫൗളോടെ തുടങ്ങിയെങ്കിലും താളം കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ എറിഞ്ഞു. രണ്ടാമതെത്തിയ അർഷാദ് നദീം 87.82 മീറ്ററാണ് എറിഞ്ഞത്. വെങ്കലമെഡൽ ജേതാവ് ജാക്കുബ് വാദ്‌ലെ 86.67 മീറ്റർ ദൂരമാണ് എറിഞ്ഞത്.
ടോക്യോ ഒളിമ്പിക്സിൽ 87.58 ദൂരം എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. എന്നാൽ കഴിഞ്ഞ തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജിന് വെള്ളിയാണ് ലഭിച്ചത്.
Discussion about this post