കാബൂൾ: കടുത്ത വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിൽ പോളിയോ രോഗം പടർന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടന. ഈ വർഷം ഇതുവരെ 32 പേരിലാണ് പോളിയോ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിവെച്ചേക്കും എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.
നാംഗർഹാർ പ്രവിശ്യയിൽ മാത്രം അത്യന്തം ഗുരുതരമായ അഞ്ച് പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലാണ് രോഗവ്യാപനം കൂടുതലായി കാണപ്പെടുന്നത്. 2022നെ അപേക്ഷിച്ച് സ്ഥിതി കൂടുതൽ രൂക്ഷമാണ് എന്നാണ് വിവരം.
പോളിയോ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ പൊതു ആരോഗ്യ അടിയന്തിരാവസ്ഥയാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും കുഞ്ഞുങ്ങൾക്ക് വാതിൽപ്പടി വാക്സിൻ വിതരണം ചെയ്യാനുമുള്ള നടപടികൾ എത്രയും വേഗം താലിബാൻ ഭരണകൂടം സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അഭ്യർത്ഥിക്കുന്നു. ഭാവി തലമുറയുടെ രക്ഷയെ കരുതിയെങ്കിലും വാക്സിൻ വിരുദ്ധ നിലപാട് മയപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന അഭ്യർത്ഥിക്കുന്നു.
അഫ്ഗാനിസ്ഥാന് പുറമെ പാകിസ്താനിലും പോളിയോ വ്യാപനം നിലനിൽക്കുന്നതായി ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post