ചെന്നൈ : കേരളത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനമായി രണ്ടാമത് വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ചു. ഡിസൈനിൽ മാറ്റം വരുത്തിയ പുതിയ എക്‌സ്പ്രസ് ട്രെയിൻ പാലക്കാട് ഡിവിഷനിലേക്കാണ് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏത് റൂട്ടിലാണ് പ്രവർത്തിക്കുക എന്ന് തീരുമാനിച്ചിട്ടില്ല.
മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം എന്നീ റൂട്ടുകൾ നിലവിൽ പരിഗണനയിലുണ്ട്. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക. നേരത്തെ ഗോവ-എറണാകുളം റൂട്ട് ദക്ഷിണറെയിൽവേ പരി്ഗണിച്ചിരുന്നു. എന്നാൽ ഒരു റേക്ക് ഉപയോ്ഗിച്ച് ഈ സർവീസ് നടത്താനാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് റൂട്ട് ഉപേക്ഷിക്കുകയായിരുന്നു.
ആദ്യത്തെ വന്ദേ ഭാരത് ജനങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ രണ്ടാമത്തെ ട്രെയിനിന് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു കേരളം. തിരുവനന്തപുരം കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഇത് കൂടാതെ മംഗളൂരു – തിരുവനന്തപുരം, എറണാകുളം – ബംഗളൂരു, തിരുനെൽവേലി – ചെന്നൈ, കോയമ്പത്തൂർ – തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post