കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഭൂനിയമം ലംഘിച്ചത് താനല്ല, സിപിഎം ആണെന്ന് കുഴൽനാടൻ ആരോപിച്ചു. എകെജി സെന്റർ നിൽക്കുന്നത് പട്ടയ ഭൂമിയിലാണെന്നും, എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണത് എന്നും എംഎൽഎ പറഞ്ഞു.
പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവിൽ ചിന്നക്കനാലിൽ പണിതത് റെസിഡൻഷ്യൽ പെർമിറ്റുള്ള കെട്ടിടമാണ്. മൂന്നാറിൽ താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അഭിഭാഷകവൃത്തിക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ല. 9 കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയിൽ ഓഹരിയുണ്ടെന്നും അതിന്റെ മൂല്യമാണിതെന്നും എംഎൽഎ പറഞ്ഞു. എംവി ഗോവിന്ദൻ പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്നാണ് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ ഇറങ്ങുന്നത്. വീണ വിജയന് പ്രതിരോധം തീർക്കാനാണ് എം വി ഗോവിന്ദൻ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നതെന്നും കുഴൽനാടൻ പറഞ്ഞു.
Discussion about this post