ന്യൂഡൽഹി: രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി രാഖി, തിലകം, മെഹന്ദി എന്നിവ ധരിച്ച് എത്തുന്ന കുട്ടികൾക്കെതിരെ യാതൊരു ശിക്ഷാ നടപടികളും പാടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ രാജ്യമെമ്പാടുമുള്ള സ്കൂളുകൾക്ക് നിർദേശം നൽകി. ഉത്സവങ്ങളുടെ ഭാഗമായുള്ള വേഷവിധാനങ്ങളുടെ പേരിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുട്ടികളെ അവഹേളിക്കുന്നതായുള്ള സംഭവങ്ങൾ മിക്കയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂളുകൾക്ക് ഇത്തരമൊരു നിർദേശം നൽകുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.
രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഭാഗമായി രാഖിയും തിലകവും മെഹന്ദിയും ധരിച്ച് എത്തുന്ന കുട്ടികൾ ചില സ്കൂളുകളിൽ മാനസികമായും ശാരീരികമായും അവഹേളിക്കപ്പെടുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 17ന്റെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾ ഇത്തരം ആചാരങ്ങളുടെ ഭാഗമാകുമ്പോൾ ശിക്ഷ നൽകാനോ വിവേചനം നേരിടാനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. അതിനാൽ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും അധികൃതരോട് ആവശ്യപ്പെടുകയാണെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.
Discussion about this post