ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ നിന്നും വിട്ട് നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഡൽഹിയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഷീ പങ്കെടുക്കില്ല. പകരം പ്രതിനിധിയായി ലി ക്വിയാംഗിനെ അയക്കാനാണ് തീരുമാനം. ഈ മാസം 9, 10 തിയതികളിലായാണ് ജി20 ഉച്ചകോടി.
ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് ചൈന ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ജക്കാർത്തയിൽ നടക്കുന്ന 43ാമത് ആസിയാൻ ഉച്ചകോടിയ്ക്ക് ശേഷം ലി നേരെ ഇന്ത്യയിലേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാകും ചൈനയിലേക്ക് പോകുക. ഈ മാസം 5 മുതൽ 7 വരെയാണ് ആസിയാൻ ഉച്ചകോടി. ഇതിന് ശേഷം ജക്കാർത്തയിൽ നിന്നും പ്രത്യേക വിമാനത്തിലാകും ലി ഡൽഹിയിൽ എത്തുക.
ഉച്ചകോടിയിൽ നിന്നും വിട്ട് നിൽക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അടുത്തിടെ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചൈന ഭൂപടം പുറത്തിറക്കിയിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതും ലഡാക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പിനെയും തുടർന്നാണ് ഷീ ജിൻപിംഗ് വിട്ട് നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post