എറണാകുളം: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്. പോലീസിന്റെ വയർലസ് സന്ദേശങ്ങൾ ചോർത്തിയെന്ന പരാതിയിലാണ് വീണ്ടും കേസ് എടുത്തിരിക്കുന്നത്. ആലുവ പോലീസിന്റേതാണ് നടപടി. നേരത്തെ വയർലസ് ചോർത്തിയതുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലും പോലീസ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.
2019 ൽ കൊറോണയുടെ സമയത്ത് പോലീസ് ഗ്രൂപ്പിൽ നിന്നും വയർലസ് സന്ദേശം പുറത്തുപോയതായി മറുനാടൻ മലയാളിയിൽ വാർത്ത നൽകിയിരുന്നു. ഇതിലാണ് പരാതി. പോലീസ് ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. പോലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ടുള്ള മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അഭിഭാഷകന് പോലും എഫ്‌ഐആറിലെ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഷാജൻ സ്‌കറിയയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇത് ഷാജൻ സ്‌കറിയയോടുള്ള പ്രതികാര നടപടിയാണെന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post