തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ രണ്ടരവർഷം പൂർത്തിയായി മന്ത്രിസ്ഥാനം കെബി ഗണേഷ് കുമാറിന് നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ കല്ലുകടി. സ്വന്ത സഹോദരിയായ ഉഷ മോഹൻദാസാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വത്ത് തട്ടിയെടുത്ത കേസ് കോടതിയിൽ നിലനിൽക്കുമ്പോൾ ഗണേഷിന് മന്ത്രിസ്ഥാനം നൽകുന്നത് ഉചിതമായ തീരുമാനമല്ലെന്ന് ഉഷ മോഹൻദാസ് കുറ്റപ്പെടുത്തി. ഗുരുതരമായ ഒരു കേസ് നിലനിൽക്കേ മന്ത്രിസ്ഥാനം നൽകുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നും ഉഷ കൂട്ടിച്ചേർത്തു.
കുടുംബസ്വത്ത് ഗണേഷ് കുമാർ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുൻപ് മുഖ്യമന്ത്രിയോട് പറഞ്ഞത്. തന്നോട് ഗണേഷ് കുമാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛൻ തയ്യാറാക്കിയ വിൽപത്രവും മറ്റു രേഖകളും കാണിച്ചു. മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഷ മോഹൻദാസ് പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുൻപ് ആയിരുന്നു ഉഷ മുഖ്യമന്ത്രിയെ കണ്ടത്. സഹോദരി പരാതി ഉന്നയിച്ചത് കൊണ്ടാണ് ആദ്യ തവണ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്ന് അന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
മുന്നണി ധാരണ പ്രകാരം ജനാധിപത്യ കേരള കോൺഗ്രസ് രണ്ടര വർഷത്തെ കാലവാവധി പൂർത്തിയാക്കുമ്പോൾ ആന്റണി രാജുവിന് പകരം മന്ത്രിയാകേണ്ടത് കേരള കോൺഗ്രസ് ബി എംഎൽഎ കെബി ഗണേഷ് കുമാർ ആണ്. ഈ ചർച്ചകൾ നടക്കാനിരിക്കെയാണ് മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം തിരിച്ചെടുത്തത്. പിന്നീട് ഗണേഷ്‌കുമാറിന്റെ അഭ്യർത്ഥന പ്രകാരം തീരുമാനം മരവിപ്പിക്കുകയായിരുന്നു.
Discussion about this post