വിദേശത്ത് നിന്നും കുടിയേറി മലയാളികളുടെ പ്രിയപ്പെട്ടതായി മാറിയ പഴമാണ് സപ്പോട്ട. ചിക്കു എന്നും ഇതിന് വിളിപ്പേരുണ്ട്. കഴിക്കുന്നതിനേക്കാൾ സപ്പോട്ട ഷെയ്ക്ക് ആക്കി കുടിക്കാനാണ് നമുക്ക് കൂടുതൽ ഇഷ്ടം. കണ്ണിനും എല്ലുകൾക്കും അത്യുത്തമമായ സപ്പോട്ടയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പഴവർഗ്ഗമാണ് സപ്പോട്ട. ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സപ്പോട്ടയ്ക്ക് കഴിയും. ഇതുവഴി ശരീരഭാരവും നിയന്ത്രിതമാകുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും ഈ പഴത്തിന് കഴിയും.
എല്ലുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് സപ്പോട്ട. ഇതിൽ കാത്സ്യം, ഫോസ്ഫറസ്, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു. ഫോളേറ്റുകൾ, കോപ്പർ, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, സെലനിയം എന്നീ ധാതുക്കളും ശരീരത്തിന് ഗുണം ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസേന സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇതിന് കഴിയുന്നു.
വിറ്റാമിൻ എ,ബി, സി എന്നിവയാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് സപ്പോട്ട. അതിനാൽ ഇത് നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രതിരോധിക്കാൻ സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയ പഴമാണ് സപ്പോട്ട. അതിനാൽ ദഹനം സുഗമമാക്കി മലബന്ധം അകറ്റുന്നു.
വിറ്റാമിൻ എയുടെ കലവറയാണ് സപ്പോട്ട. അതിനാൽ ഇത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചർമ്മത്തിന്റെ തിളക്കത്തിലും ഹൃദയത്തിന്റെ ആരോഗ്യത്തിനും സപ്പോട്ട ശീലമാക്കാം.
Discussion about this post