തിരുവനന്തപുരം:സംസ്‌കൃത കോളേജിൽ വെച്ച് എസ്.എഫ്.ഐ. നേതാക്കളുടെ മർദനമേറ്റ, സി.പി.എം. നേതാവിന്റെ മകന്റെ തുടർപഠനത്തെ ക്കുറിച്ച് ആശങ്ക ഒഴിയുന്നില്ല.
പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണ് മർദ്ദനമേറ്റത്.
രണ്ടാഴ്ച മുൻപാണ് ആദർശ് കോളേജിൽ പ്രവേശനം നേടിയത്. ഓണാഘോഷത്തിനിടെയാണ് ആദർശിനെ എസ്എഫ്‌ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ചത്. ഇതിനെതിരേ പാർട്ടിക്കും പോലീസിനും ആദർശിന്റെ കുടുംബവും പ്രാദേശിക പാർട്ടിഘടകവും പരാതി നൽകിയിട്ടുണ്ട്.
കോളജിൽ എസ്എഫ്‌ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുൻ വിദ്യാർഥികളും എസ്എഫ്‌ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസ് എടുത്തിരുന്നു.
ഈ സംഭവങ്ങൾക്കിടെ ആദർശിന്റെ തുടർപഠനത്തിൽ ആശങ്ക ഉയരുകയാണ്. സംസ്‌കൃത കോളജിലേക്ക് ഇനിയില്ലെന്ന് ആക്രമണത്തിനിരയായ ആദർശ് പറഞ്ഞിരുന്നു. ചികിത്സ കഴിഞ്ഞാലുടൻ കോളജിൽ എത്തി ടിസി വാങ്ങും. അവർ പറയുന്നതു കേൾക്കാതെ കോളജിൽ പഠിക്കാൻ കഴിയില്ല. സുഹൃത്ത് വേലായുധനു നേരെയും ഭീഷണിയുണ്ട്. ഞങ്ങൾ രണ്ടുപേരും കോളജിലെ പഠനം നിർത്തിയെന്നായിരുന്നു ആദർശിന്റെ പ്രതികരണം.
Discussion about this post