എറണാകുളം: ആലുവയിൽ വീണ്ടും പെൺകുട്ടി പീഡനത്തിന് ഇരയായി. വിവിധ ഭാഷാ തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ആലുവയിൽ വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത് അടുത്തിടെയാണ്. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സമാന സംഭവം ആവർത്തിക്കുന്നത്.
പുലർച്ചെ രണ്ട് മണിയോടെ ചാത്തൻപുറത്ത് ആയിരുന്നു സംഭവം. കുട്ടിയെ മാതാപിതാക്കൾ അറിയാതെ പ്രതി കടത്തിക്കൊണ്ടു പോകുകയായിരുന്നു. പാടത്ത് കൊണ്ടുപോയാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പുലർച്ചെ എഴുന്നേറ്റ അമ്മ കുട്ടിയെ കാണാത്തതിനെ തുടർന്ന് കരയാൻ ആരംഭിച്ചു. ഇതോടെയാണ് പ്രദേശവാസികൾ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന്റെ സമീപത്തെ പാടത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കണ്ടെത്തുമ്പോൾ കുട്ടിയുടെ ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. മുറിവേറ്റ് ചോരയൊലിച്ച നിലയിലായിരുന്നു ശരീരം. ഇതോടെ കുട്ടിയെ നാട്ടുകാർ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ അഞ്ച് മണിയോടെയാണ് കുട്ടിയെ കണ്ടത്.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വിവിധ ഭാഷാ തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ് ചാത്തൻപുറം. പ്രതിയെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post