തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യുന്നു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ അരിവിന്ദാക്ഷൻ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ഇവരിൽ നിന്നും ഇഡി മൊഴിയെടുക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സതീഷ് കുമാർ, പിപി കിരൺ എന്നീ പ്രതികളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രധാന പ്രതിയായ സതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യുന്നത്. തട്ടിപ്പിൽ അനൂപ് ഡേവിസിനും, അരവിന്ദാക്ഷനും പങ്കുണ്ടെന്നാണ് സതീഷിന്റെ വെളിപ്പെടുത്തൽ. ഇവർക്ക് പുറമേ ഇവരുമായി ബന്ധമുള്ള ജിജോ, റിയൽ എസ്‌റ്റേറ്റ് വ്യാപാരി രാജേഷ് എന്നിവരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. തട്ടിയ പണം റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന് ഉൾപ്പെടെ വിനിയോഗിച്ചുവെന്നാണ് കരുതുന്നത്. ഇതിൽ വ്യക്തത ലഭിക്കുന്നതിന് വേണ്ടിയാണ് രാജേഷിനെ ചോദ്യം ചെയ്യുന്നത്.
സിപിഎം നേതാക്കൾ സതീഷുമായി പണമിടപാട് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തിലും കൂടുതൽ വിശദാംശങ്ങൾ തേടും. വരും ദിവസങ്ങളിലും കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ആവശ്യമെങ്കിൽ അറസ്റ്റും രേഖപ്പെടുത്തും. എ.സി മൊയ്തീനുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ.
Discussion about this post