ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർ പലപ്പോഴും മറ്റു പല ഭക്ഷണങ്ങളും ഒഴിവാക്കി പഴവർഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പൊതുവേ പഴവർഗ്ഗങ്ങൾ ആരോഗ്യകരമായാണ് കരുതപ്പെടുന്നത്. എന്നാൽ ചില പഴവർഗ്ഗങ്ങൾ അമിത മധുരവും കലോറിയും അടങ്ങിയിട്ടുള്ളതാണ്. അതിനാൽ തന്നെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇത്തരം പഴവർഗങ്ങൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കേണ്ട ചില പഴവർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മാമ്പഴം
പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഏറെ രുചികരമായ മാമ്പഴത്തിൽ ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ശരാശരി വലുപ്പമുള്ള ഒരു മാമ്പഴ കഷ്ണത്തിൽ മാത്രം 15 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മാമ്പഴം കഴിക്കുന്നത് ഒരിക്കലും ശരീരഭാരം കുറയാൻ സഹായിക്കില്ല.
മുന്തിരി
മുന്തിരി മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണെങ്കിലും അവയിൽ പഞ്ചസാരയും കൊഴുപ്പും കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കേണ്ടവർക്ക് ഇത് നല്ല ഒരു പഴവർഗ്ഗമല്ല. 100 ഗ്രാം മുന്തിരിയിൽ സാധാരണയായി 16 ഗ്രാം പഞ്ചസാരയും 67 കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുന്തിരി കൂടുതലായി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനാണ് കാരണമാകുക.
അവോക്കാഡോ
ഉയർന്ന കലോറിയുള്ള പഴവർഗങ്ങളിൽ പെടുന്ന ഒന്നാണ് അവോക്കാഡോ. 100 ഗ്രാം തൂക്കം വരുന്ന ഒരു അവോക്കാഡോയിൽ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്. അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പിന്റെ ഒരു നല്ല ഉറവിടമാണെങ്കിലും ഇവ കൂടുതലായി കഴിക്കുന്നത് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതല്ല.
ഈന്തപ്പഴം
ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ അത്യുത്തമമാണ് ഈന്തപ്പഴം. പ്രോട്ടീൻ ഇല്ലാത്തതും കൊളസ്ട്രോൾ വളരെ കുറച്ചു മാത്രവും ഉള്ള പഴമാണ് ഈന്തപ്പഴം. എന്നാൽ കാർബോഹൈഡ്രേറ്റ്സും പഞ്ചസാരയും ധാരാളമായി ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പ്രമേഹരോഗം ഉള്ളവരും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഈന്തപ്പഴം കഴിക്കാവൂ.
വാഴപ്പഴം
വാഴപ്പഴം ശരിക്കും ആരോഗ്യകരമാണെങ്കിലും മിതമായി മാത്രം കഴിക്കേണ്ട ഒരു പഴമാണിത്. ഒരു വാഴപ്പഴത്തിൽ സാധാരണയായി 150 കലോറിയും 37 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അമിതമായ പ്രകൃതിദത്ത പഞ്ചസാരയും വാഴപ്പഴത്തിൽ ഉണ്ട് . അതിനാൽ തന്നെ വാഴപ്പഴം കൂടുതലായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കാരണമായി മാറാം.
Discussion about this post