ഷൊർണൂർ: ഷൊർണൂരിൽ വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന അമ്പലത്തൊട്ടി വീട്ടിൽ പത്മിനി(72), തങ്കം(70) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിലെ ഗ്യാസും പൊട്ടിത്തെറിച്ചിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലായാണ് പത്മിനിയും തങ്കവും താമസിക്കുന്നത്.
ഇന്നലെ ഉച്ചയോടെ പത്മിനിയുടെ വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ടിരുന്നു. തങ്കം ഈ സമയം ഇവിടേക്ക് ഓടി എത്തുകയായിരുന്നു. അയൽവാസികളും ഈ സമയം തന്നെ ഇവിടേക്ക് ഓടി വന്നു. ഇതിനിടെ മണികണ്ഠൻ എന്നയാൾ ഇവരുടെ വീടിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. ഇയാളുടെ ദേഹത്ത് രക്തം പുരണ്ടിരുന്നു. നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു.
വീടിനുള്ളിൽ നിന്ന് തീയും പുകയും വരുന്നത് കണ്ടുവെന്നും, വീടിനുള്ളിലേക്ക് കയറിച്ചെന്നപ്പോൾ പൊള്ളലേറ്റവരിൽ ഒരാൾ കയറിപ്പിടിച്ചെന്നുമാണ് മണികണ്ഠൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പത്മിനിയുടെ മൃതദേഹം പകുതിയിലധികം കത്തിക്കരിഞ്ഞ നിലയിലാണ്. മണികണ്ഠൻ നേരത്തെ പീഡനക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post