ശ്രീനഗർ: ഭീകരവാദം തിരഞ്ഞെടുത്ത് പാക് അധീന കശ്മീരിലേക്ക് പോയ ജമ്മുകശ്മീർ സ്വദേശികളായ തീവ്രവാദികളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് വിവരം. പാകിസ്താനിൽ അഭയം പ്രാപിച്ചവർ ഇന്ത്യക്കെതിരെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജമ്മുകശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ഇവരുടെ സ്വത്തുക്കൾ വരും ദിവസങ്ങളിൽ കണ്ടുകെട്ടുമെന്ന് പോലീസ് വ്യക്തമാക്കി.പിഒകെയിൽ അഭയം പ്രാപിച്ച 16 പ്രദേശവാസികളെ ‘പ്രഖ്യാപിത കുറ്റവാളികളായി’ പ്രഖ്യാപിച്ച് ദോഡ ജില്ലയിൽ ഇതിനകം തന്നെ നടപടി ആരംഭിച്ചതായി പോലീസ് മേധാവി കൂട്ടിച്ചേർത്തു.
ഭീകരർക്ക് മനഃപൂർവം അഭയം നൽകിയെന്നാരോപിച്ചുള്ളവരുടെ സ്വത്തുക്കളും പോലീസ് കണ്ടുകെട്ടുന്നുന്നുണ്ട്. ഭീകരർക്ക് അഭയം നൽകാൻ ഭീഷണിമൂലം നിർബന്ധിതരായ നിരപരാധികൾക്ക് നീതി ഉറപ്പാക്കുന്നുവെന്ന് പോലീസ് മേധാവി വ്യക്തമാക്കി. നടപടി പൂർണതോതിൽ നടപ്പിലാക്കുന്നതോടെ ജമ്മുകശ്മീരിൽ നൂറോളം പേരെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്നാണ് വിവരം.
ജമ്മു കശ്മീർ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അത്തരത്തിലുള്ള 4,200-ലധികം ആളുകളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും 1990 മുതൽ പിഒകെൽ ഉള്ളവരാണ്. അവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്‌ട്രേഷൻ ആന്റ് റവന്യൂ ഇൻസ്‌പെക്ടർ ജനറലുമായി പങ്കിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1990-ൽ ആയിരക്കണക്കിന് യുവാക്കൾ നിയന്ത്രണരേഖ കടന്ന് ആയുധ പരിശീലനത്തിനായി പിഒകെയിലേക്ക് കടന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 23,000-ത്തിലധികം ഭീകരരെ ഈ മേഖലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. 2010-ൽ, ജമ്മു കശ്മീർ സർക്കാർ പിഒകെയിൽ നിന്ന് മടങ്ങാൻ തയ്യാറുള്ളവർക്കായി “കീഴടങ്ങലും പുനരധിവാസവും” നയം പ്രഖ്യാപിച്ചു. 300-ഓളം പേർ കുടുംബസമേതം തിരിച്ചെത്തിയെങ്കിലും 4,000-ത്തിലധികം പേർ ഇപ്പോഴും ക്യാമ്പുകളിലുണ്ടെന്നാണ് കരുതുന്നത്.
ഇതിന് മുൻപ് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഭീകരരുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു.
ദേശവിരുദ്ധരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും നീക്കങ്ങൾ നിരീക്ഷിക്കുമ്പോൾ എല്ലാ മേഖലകളിലും ജാഗ്രത പാലിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Discussion about this post