ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം രണ്ട് ദിവസങ്ങളിലായി സാക്ഷിയാകുക 15 ലധികം ഉഭയകക്ഷി ചർച്ചകൾക്കാണ്. ചെറുതും വലുതുമായ ലോകരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചർച്ചകൾ നടത്തും. ഭാരതത്തിന്റെ വ്യാവസായിക, സാമൂഹ്യ, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുളളതാകും ചർച്ചകൾ. സുരക്ഷ മുതൽ സാങ്കേതിക സഹകരണം വരെ ചർച്ചകളിൽ ഇടംപിടിക്കും.
ഇതിന് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗദ് എന്നിവരുമായും പ്രധാനമന്ത്രി ഇന്നലെ ചർച്ചകൾ നടത്തിയിരുന്നു. ഉച്ചകോടിക്കായി നേതാക്കൾ ഇന്ത്യയിൽ എത്തിയതിന് പിന്നാലെയായിരുന്നു 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ചർച്ചകൾക്കുളള നയതന്ത്രവേദിയായി മാറിയത്.
ഭാരതത്തിന്റെ ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്താനും വികസനാത്മകമായ സഹകരണം ശക്തിപ്പെടുത്താനും ചർച്ചകൾ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബൈഡനുമായുളള കൂടിക്കാഴ്ച ഏറെ ക്രിയാത്മകമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾ തമ്മിലുളള ബന്ധവും സാമ്പത്തിക സഹകരണവും ഉൾപ്പെടെയുളളവ ചർച്ചയിൽ വിഷയമായതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജി 20 യിലും തുടർന്നും ഇന്ത്യയുമായുളള ബന്ധം എക്കാലത്തെയും മികച്ചതാക്കി നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡനും ചർച്ചകൾക്ക് ശേഷം കുറിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ഉച്ചഭക്ഷണ കൂടിക്കാഴ്ച നടത്തുക.
ഡൽഹിയിലെ പ്രഗതി മൈതാനിയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണ് ജി 20 ഉച്ചകോടി നടക്കുക.
Discussion about this post