അഗർത്തല: ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ബൊക്‌സാനഗറിലും ധൻപൂരിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം. ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ഇത് സിപിഎമ്മിന് വലിയ നാണക്കേടും ഉണ്ടാക്കി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആവശ്യം.
രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. ബിജെപി വോട്ടെടുപ്പ് അട്ടിമറിച്ചുവെന്നാണ് സിപിഎം ആരോപണം. ഫലപ്രഖ്യാപനത്തിൽ തോൽവി ഉറപ്പിച്ചതിന് പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്.
സിപിഎം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് രണ്ട് മണ്ഡലങ്ങളിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കർശന നിരീക്ഷണത്തോടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
ബൊക്‌സാനഗറിൽ സിപിഎം എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ മകനെ രംഗത്തിറക്കിയാണ് പാർട്ടി മത്സരിച്ചത്. എന്നിട്ടും ആകെ പോൾ ചെയ്തതിൽ 89 ശതമാനം വോട്ടുകളും ബിജെപി സ്ഥാനാർത്ഥിക്കാണ് ലഭിച്ചത്. ധൻപൂരിൽ 71 ശതമാനം വോട്ടുകളും ബിജെപിക്ക് ലഭിച്ചു.
ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ബൊക്‌സാനഗറിൽ പരാജയപ്പെട്ട ബിജെപിക്ക് ഇത്രയും വോട്ടുകൾ പിടിക്കാനാകില്ലെന്നാണ് സിപിഎം വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു സിപിഎം മത്സരിച്ചത്. എന്നാൽ 11 സീറ്റുകളിൽ മാത്രമാണ് സിപിഎമ്മിന് ജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസിന് മൂന്ന് സീറ്റുകളിലും. ഇതിന് പിന്നാലെയാണ് രണ്ട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ ജനങ്ങൾ തളളിക്കളഞ്ഞത്.
Discussion about this post