ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങയില. വിറ്റാമിൻ എയുടെയും ഇരുമ്പിന്റെയും കലവറയായ മുരിങ്ങയില കണ്ണുകൾ, മുടി, ഹൃദയം തുടങ്ങിയവയുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ മുരിങ്ങിയല പോലെ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങക്കായയും. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതു മുതൽ പ്രമേഹം നിയന്ത്രിക്കുന്നതിനുവരെ മുരിങ്ങക്കായ ഉത്തമമാണ്.
ഭക്ഷണത്തിൽ പതിവായി മുരിങ്ങക്കായ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്. വൃക്കയിലെ കല്ല്, വൃക്കയ്ക്കുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ മുരിങ്ങക്കായ കഴിക്കുന്നതുവഴി കഴിയും. ശരീരം വിഷവിമുക്തമാക്കാനും മുരിങ്ങക്കായയ്ക്ക് കഴിവുണ്ട്. ഇതുവഴി ആന്തരികാവയവങ്ങൾ ആരോഗ്യത്തോടെയിരിക്കും.
വൃക്കയുടേതെന്നതിന് പോലെ കരളിന്റെ ആരോഗ്യത്തിനും മുരിങ്ങക്കായ മികച്ചതാണ്. മുരിങ്ങക്കായയിൽ അടങ്ങിയിരിക്കുന്ന ഹെപ്പറ്റോപ്രോട്ടെക്റ്റവ് ഫംഗ്ഷനാണ് കരളിനെ സംരക്ഷിക്കുന്നത്. ഇത് കരളിന് ചുറ്റും ഒരു കവചം പോലെ വർത്തിക്കുകയും വിഷാംശങ്ങളിൽ നിന്നും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
അതുപോലെതന്നെ ഗ്ലൂട്ടതൈയോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, കരളിന് സംഭവിക്കുന്ന കേടുപാടുകൾ വേഗത്തിൽ ഉണങ്ങുന്നതിനും മുരിങ്ങക്കായ കഴിക്കുന്നത് സഹായിക്കും.
പ്രമേഹമുള്ളവർക്ക് ശീലമാക്കാവുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. വളരെ സ്വാഭാവികമായി തന്നെ നമ്മളുടെ ശരീരത്തിലെ കാലറിയുടെ അളവ് കുറയ്ക്കുവാനും അതുവഴി പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുവാനും ഇത് സഹായിക്കും. മുരിങ്ങക്കായയിൽ ധാരാളം ധാതുക്കളും ജീവകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. നാം ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിലെല്ലാം പ്രധാനപ്പെട്ട ഒന്നാണ് മുരിങ്ങക്കായ എന്നതാണ് വാസ്തവം. അതിനാൽ മുരിങ്ങക്കായ കഴിക്കുന്നത് ആരോഗ്യമുള്ള ചർമ്മം പ്രധാനം ചെയ്യുന്നു. ചർമ്മത്തിന് തിളക്കം കൂടാനും കുരുക്കൾ കുറയ്ക്കാനും മുരിങ്ങക്കായ സഹായകരമാണ്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മുരിങ്ങയിലയെ പോലെ തന്നെ മുരിങ്ങക്കായ്ക്കും കഴിവുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് മുരിങ്ങക്കായ. ഇതിൽ ആന്റി- ഇൻഫ്ലമേറ്ററി ഘടകങ്ങളും അതുപോലെ, ആന്റി- ബാക്ടീരിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസംമുട്ടൽ, ചുമ, തുടങ്ങി ശ്വാസകോശത്തെ സംബന്ധിക്കുന്ന അസുഖങ്ങൾ തടയുന്നു.
Discussion about this post