പാരിസ് : ബിജെപിക്കാരും ആർഎസ്എസുകാരും ഹിന്ദു ദേശീയവാദികളല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിക്കാർ ചെയ്യുന്ന ഒന്നിലും ഹിന്ദുത്വമില്ല. അതുകൊണ്ട് തന്നെ അവരെ ഹിന്ദു ദേശീയവാദികൾ എന്ന് വിളിക്കാനാവില്ല എന്നും രാഹുൽ പറഞ്ഞു. പാരിസിലെ സയൻസ് പോ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.
”ഞാൻ ഭഗവത് ഗീതയും ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. ബിജെപിക്കാർ ചെയ്യുന്ന ഒരു കാര്യത്തിലും ഹിന്ദുത്വം ഇല്ലെന്ന് എനിക്ക് അതിൽ നിന്ന് പറയാനാകും. തന്നേക്കാൾ ദുർബലരായവരെ നിങ്ങൾ ഭയപ്പെടുത്തണമെന്നും ഉപദ്രവിക്കണമെന്നും ഞാൻ എവിടെയും വായിച്ചിട്ടില്ല, ഏതെങ്കിലും പണ്ഡിതനായ ഹിന്ദു അത് പറഞ്ഞിട്ടുമില്ല. അതിനാൽ ഹിന്ദു ദേശീയവാദികൾ എന്ന ഈ വാക്ക് തെറ്റാണ്. എന്ത് വില കൊടുത്തും അധികാരം പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ് അവർ. ഇതിൽ ഒന്നും ഹിന്ദുത്വം ഇല്ല” രാഹുൽ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ആർഎസ്എസും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും തടയാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ, ”രാജ്യത്ത് അത് സംഭവിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്,” എന്നും പറഞ്ഞു.
‘സ്വന്തം രാജ്യത്ത് അസ്വസ്ഥത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുള്ളത് ഇന്ത്യയെ സംബന്ധിച്ച് ലജ്ജാകരമായ കാര്യമാണ്. ഇന്ത്യയിൽ 200 ദശലക്ഷം ആളുകൾ അസ്വസ്ഥത അനുഭവിക്കുന്നുണ്ടെങ്കിൽ, സിഖ് സമുദായം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, സ്ത്രീകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ഞങ്ങൾക്ക് ലജ്ജാകരമായ കാര്യമാണ്. അത് തിരുത്തേണ്ടതുണ്ട്,” രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post