മഴക്കാലമായതോടെ എല്ലാവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് ചുമയും ജലദോഷവും. ചുമ തുടങ്ങിയാൽ പിന്നെ ജലദോഷവും പനിയും പിന്നാലെയെത്തും. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ന്യൂമോണിയ പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. എല്ലാം മാറിയാലും ചുമ മാറാൻ കുറച്ച് പ്രയാസമാണ്. ചുമയും ജലദോഷവും നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ വീട്ടിലുള്ള ചില പൊടി കൈകൾ തന്നെ പരീക്ഷിക്കാവുന്നതാണ്. എന്നാൽ രോഗങ്ങളുടെ ആരംഭത്തിൽ മാത്രമേ ഇത് പരീക്ഷിക്കാവൂ.
തുളസി
തുളസി ഇലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടർന്ന് അൽപം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷത്തിനെയും ചുമയെയും പ്രതിരോധിക്കും.
ഇഞ്ചി
ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ ഏറെയുളള ഒന്നാണ് ഇഞ്ചി. ഇഞ്ചി സാധാരണ വെളളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് ജലദോഷം അകറ്റാൻ നല്ലതാണ്. ചൂട് ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
ചുക്ക് കാപ്പി
മഴക്കാലം തുടങ്ങിയാലുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ വളരെ മികച്ച ഒന്നാണ് ചുക്കുകാപ്പി. തുളസിയിലയും ഇഞ്ചിയും ചുക്കും ജീരകവും വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. ഇതിലേക്ക് കുരുമുളക് പൊടി ഇടുക. മധുരത്തിന് ശർക്കരയും ചേർക്കാം. ഇതിലേക്ക് ചുക്കുകാപ്പി പൊടിയോ സാധാരണ കാപ്പി പൊടിയോ ചേർക്കാവുന്നതാണ്. ചൂടോടെ കുടിക്കുന്നത് ജലദോഷവും ചുമയും കഫക്കെട്ടും അകറ്റാൻ സഹായിക്കും.
തേൻ
ധാരാളം ഔഷധ ഗുണങ്ങളുള്ള തേൻ പല രോഗങ്ങൾക്കും പരിഹാരമാണ്. ഇഞ്ചിനീര് തേനിൽ കലർത്തി രാവിലെയും രാത്രിയും കഴിക്കുന്നത് ജലദോഷം പോലുള്ള രോഗങ്ങൾ നിയന്ത്രിക്കും.
വെളുത്തുള്ളി
ധാരാളം ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുളളി. ഇത് കഴിക്കുന്നത് ചുമയും ജലദോഷവും നിയന്ത്രിക്കാൻ സഹായിക്കും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. കറികളിൽ കുറച്ച് അധികം വെളുത്തുള്ളി ചേർക്കുന്നത് ചുമയും ജലദോഷവും കുറയ്ക്കാൻ സഹായിക്കും.
Discussion about this post