പാരീസ്: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും വിദേശത്ത് പോയി പരിഹസിക്കുന്നത് തുടർന്ന് വയനാട് എം പി രാഹുൽ ഗാന്ധി. വെറും 40 ശതമാനം വോട്ട് മാത്രമേ ഇന്ത്യയിൽ ഭരണപക്ഷത്തിന് ഉള്ളൂവെന്ന് പാരീസിൽ നടന്ന ഒരു പി ആർ ഷോയിൽ രാഹുൽ പറഞ്ഞു.
വെറും 40 ശതമാനം വോട്ട് മാത്രമേ ഇന്ത്യയിൽ ഭരണപക്ഷത്തിന് ഉള്ളൂ. 60 ശതമാനം ജനങ്ങളുടെ പിന്തുണ പ്രതിപക്ഷത്തിനാണ്. എന്നാൽ അവർക്ക് അധികാരം ലഭിക്കുന്നില്ല. അതായത്, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തത് എന്ന് പറയുന്നത് തെറ്റാണ്. ഭൂരിപക്ഷം ജനങ്ങളും അവർക്കല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.
അതേസമയം രാഹുലിന്റെ പ്രസ്താവന അസംബന്ധവും പരിഹാസ്യവുമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യുന്നത് ഏത് പാർട്ടിക്കാണോ അഥവാ മുന്നണിക്കാണോ, അവർക്കാണ് അധികാരം ലഭിക്കുക. മുന്നണി രാഷ്ട്രീയം നിലനിൽക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40 ശതമാനത്തോളം വോട്ട് ലഭിച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കായിരുന്നു. കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന യുപിഎ മുന്നണിക്ക് ഇതിന്റെ ഏഴയലത്ത് എത്താൻ സാധിച്ചിരുന്നില്ല. ഈ സത്യം മറച്ചു വെച്ചാണ് രാഹുൽ പാരീസിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്ന വേദിയിൽ സംസാരിച്ചത്.
രാഹുലിന്റെ പുതിയ ജനാധിപത്യ വിശകലനം അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പരിഹസിക്കപ്പെടുകയാണ്. വയനാട് എം പിയുടെ പാരീസ് പ്രസ്താവന പല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലും ട്രോളുകൾക്കും വിധേയമാകുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ ചർച്ചയിലും എസ് ഡി പി ഐ വേദിയിലും സമാനമായ സിദ്ധാന്തം അവതരിപ്പിച്ച ഡോക്ടർ ഫസൽ ഗഫൂറും അക്കാലത്ത് വ്യാപകമായി ട്രോളുകൾക്ക് വിധേയനായിരുന്നു. രാഹുലിന്റേത് അസ്ത്രം ഗഫൂർ സിദ്ധാന്തമാണ് എന്നാണ് ചില ട്രോളന്മാരുടെ പക്ഷം.
Discussion about this post