തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മകൾ വീണയുടെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ടെന്നും ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ നിലപാട് ഏകപക്ഷീയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കരാറിന്റെ ഭാഗമായിട്ടാണ് എക്‌സാലോജിക്കിന് പണം ലഭിച്ചത്. സിഎംആർഎല്ലിന് കൊടുത്ത സേവനത്തിന് നൽകിയ പ്രതിഫലമാണ് ഈ തുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ബിസിനസ് നടത്താൻ പാടില്ല എന്നില്ല. സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രമാണ് നടന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇത്തരം ആരോപണങ്ങളും ഒരു തരത്തിലുള്ള വേട്ടയാടലാണ് എന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി മാത്യു കുഴൽനാടൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവർത്തനം കൂടിയാണ് ഇന്ന് നിയമസഭയിൽ ഉന്നയിച്ച ആരോപണമെന്നും ചിലരുടെ കാര്യത്തിൽ പ്രതിപക്ഷം പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ് ഈ വിഷയത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post