തിരുവനന്തപുരം : രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ലെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. യുഡിഎഫിലേക്ക് മടങ്ങുമോ എന്നുള്ള പേടി ആർക്കും വേണ്ട. ഉമ്മൻ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് പിണറായി വിജയനെ ആണെന്നും ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു.
“സിബിഐ അന്വേഷണത്തിലൂടെ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് കിട്ടി എന്നാണ് പറയപ്പെടുന്നത്. ആ ക്ലീൻചിറ്റ് കിട്ടാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നുള്ളതിന് ഉമ്മൻചാണ്ടിയുടെ കുടുംബം അദ്ദേഹത്തിനോട് നന്ദി പറയുകയാണ് വേണ്ടത്. അഴിമതിക്കെതിരെ സംസാരിച്ചപ്പോൾ പുറത്താക്കിയ യുഡിഎഫിലേക്ക് ഇനി മടങ്ങുകയില്ല” ഗണേഷ് കുമാർ വ്യക്തമാക്കി.
വെടക്കാക്കി തനിക്കാക്കാനുള്ള പരിപാടിയാണ് യുഡിഎഫിന്റേതെന്ന് ഗണേഷ് കുമാർ ആരോപിച്ചു. “വെറുമൊരു പത്രവാർത്തയുമായി ബന്ധപ്പെട്ട് തന്റെ പേര് നിയമസഭ പ്രമേയത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട തങ്ങളെ കൂടി രക്ഷിക്കണം എന്ന് പറഞ്ഞു എന്നെ വിളിച്ച നേതാക്കൾ ഇന്നും ഈ സഭയിൽ ഉണ്ട്. എന്റെ അച്ഛൻ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ചേർന്നതല്ലാത്തതിനാൽ വെളിപ്പെടുത്തുന്നില്ല” എന്നും കെബി ഗണേഷ്കുമാർ നിയമസഭയിൽ പറഞ്ഞു.
Discussion about this post